സര്‍ക്കാരിന് ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നും മറച്ചുവയ്ക്കാനില്ല; നിയമനത്തട്ടിപ്പ് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമനത്തട്ടിപ്പ് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിയമന കോഴ ആരോപണത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന് ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നും മറച്ചുവയ്ക്കാനില്ല. ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ തൊടുത്തുവിട്ട ആക്ഷേപം പൊളിഞ്ഞു. കേരളത്തെ എങ്ങനെയും ആക്ഷേപിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം, നിയമന കോഴ ആരോപണത്തിന് പിന്നില്‍ സര്‍ക്കാരിനെതിരെ കള്ളക്കഥ മെനയുന്നവരെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. പലതും പറയാനുണ്ട്, അന്വേഷണം നടക്കട്ടെ. സര്‍ക്കാരിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങളില്‍ ഒന്നാണ് ഇത്. തന്റെ നേരെ വരെ അന്വേഷണം നീളുമെന്ന് പറഞ്ഞവരുണ്ട് അവര്‍ ഇപ്പോള്‍ എന്ത് പറയുന്നുവെന്നും വീണാ ജോര്‍ജ് ചോദിച്ചു.

തന്റെ ബന്ധു കോഴ വാങ്ങിയെന്നുള്ള ആക്ഷേപം പോലും ഇതിനിടെ ഉയര്‍ത്തികൊണ്ടുവന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം അഴിമതിക്കെതിരെയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ താറടിച്ച് കാണിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നത്. വലിയ ആത്മവിശ്വാസം തനിക്ക് ആദ്യം മുതലേയുണ്ട്. താന്‍ തെറ്റ് ചെയ്യാത്തത് കൊണ്ടാണ് അതെന്നും മന്ത്രി വ്യക്തമാക്കി.

Top