ഗവർണറുടെ വിമാന യാത്ര ചെലവിന് സർക്കാർ 30 ലക്ഷം രൂപ അധികം അനുവദിച്ചു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമാന യാത്രക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷം വിമാനയാത്രക്കായി സർക്കാർ അനുവദിച്ചിരുന്ന പണം ചെലവാക്കി കഴിഞ്ഞതിനെ തുടർന്നാണ് കൂടുതൽ തുക അനുവദിക്കേണ്ടിവന്നത്.

ഡിസംബർ 30 നാണ് അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്ത് നൽകിയത്. സർക്കാർ- ഗവർണർ പോര് നിലനിൽക്കുമ്പോഴായിരുന്നു ആവശ്യം. സർക്കാർ- ഗവർണർ തർക്കങ്ങളിൽ മഞ്ഞുരുകിയതോടെ ഫയൽ ധനവകുപ്പ് പരിഗണിച്ചു. ജനുവരി 24 ന് എക്സ്പെൻഡിച്ചർ വിംഗ് ഗവർണറുടെ വിമാനയാത്രക്ക് ചെലവായ തുക അനുവദിക്കാൻ അധിക ഫണ്ട് വേണമെന്ന് ബജറ്റ് വിംഗിനോട് ആവശ്യപ്പെട്ടു.

ജനുവരി 26ന് രാജ് ഭവനിലെ വിരുന്നിനെത്തിയ മുഖ്യമന്ത്രിയോടും  അധിക തുക അനുവദിക്കുന്ന കാര്യം ഗവർണർ ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് അധികതുക അനുവദിച്ച് ഉത്തരവായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണവും അധിക നികുതി നിർദ്ദേവും ഉള്ളപ്പോഴാണ് ഗവർണർക്ക് അധിക തുക അനുവദിച്ചത്.

 

Top