നടിയെ ആക്രമിച്ച കേസ്; അതിജീവിതക്കൊപ്പമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്കൊപ്പമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന നടിയുടെ ആവശ്യത്തിൽ അനുകൂല നിലപാട് ആണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതിജീവിത നൽകിയ ഹർജിയിൽ നൽകിയ മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രണ്ടുവട്ടം തുറന്നു എന്നുള്ള ഫോറൻസിക് സയൻസ് ലാബിലെ റിപ്പോർട്ടും സർക്കാർ കോടതിയെ അറിയിച്ചു. 2018 ൽ കോടതി ആവശ്യത്തിനല്ലാതെ, മെമ്മറി കാർഡിന്റെ ഹാർഷ് വാല്യു രണ്ടു വട്ടം മാറിയെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. 2018 ജനുവരി 09, ഡിസംബർ 13 നുമാണ് മെമ്മറി കാർഡുകൾ തുറന്നത്. എന്നാൽ ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് നൽകിയ ഹർജി കോടതി തള്ളിക്കളയുകയാണ് ചെയ്തത്.

ഹർജി തള്ളിയ കാര്യം രഹസ്യമാക്കി വെച്ചെന്നും, അന്വേഷണ ഉദ്യോഗസ്ഥരെയോ പ്രോസിക്യൂഷനെയോ അറിയിച്ചില്ലെന്നും സർക്കാർ മറുപടിയിൽ പറയുന്നു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്ന വാദവും ആവർത്തിച്ചിട്ടുണ്ട്. ദിലീപിന്റെ ഫോണിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പരിശോധിക്കാൻ കൂടുതൽ സാവകാശം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

അന്വേഷണസംഘത്തിന് മേൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. സത്യസന്ധമായിട്ടാണ് അന്വേഷണം നടക്കുന്നത്. തുടക്കം മുതലേ അതിജീവിതയെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. നടിയെ പീഡിപ്പിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി സമയം തേടി സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്നു വാദം കേൾക്കും. വിചാരണക്കോടതിയിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി അനുവദിച്ചിരുന്ന സമയം 30 ന് അവസാനിച്ചിരുന്നു.

Top