തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം അനന്തമായി നീളുകയാണെന്നും സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കെഎസ്‌യു നടത്തുന്ന സമരം പതിനൊന്ന് ദിവസമാകുന്നുവെന്നും സമരം ഒത്തു തീര്‍ക്കണം എന്നാവശ്യപ്പെട്ട് രണ്ട് ദിവസം മുന്‍പ് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നുവെന്നും രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ ഏല്‍പിച്ചതായി മന്ത്രി കത്തിന് മറുപടി നല്‍കി എന്നാല്‍ വളരെ അടിയന്തിരമായി ഇടപെടലാണ് ഇവിടെ ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയതായി ചെന്നിത്തല സൂചിപ്പിച്ചു.
നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ദീര്‍ഘനാളായി പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികള്‍ നേരിടുകയാണ്. അതിനെ തുടര്‍ന്നാണ് ഏറ്റവും ഒടുവിലത്തെ സമരമാര്‍ഗം എന്ന രീതിയില്‍ കടുത്ത സമരത്തിലേക്ക് കടന്നതെന്നും രമേശ് ചെന്നിത്തല കുറിച്ചു.
ഇത്രയും ദിവസമായി വിദ്യാര്‍ത്ഥികള്‍ സമരരംഗത്ത് വന്നിട്ടും സര്‍ക്കാര്‍ കണ്ടില്ലന്ന് നടിക്കുന്നത് ശരിയായ നടപടിയല്ല. നടപടികളില്‍ അമാന്തം ഒഴിവാക്കണം. പ്രശ്‌ന പരിഹാരത്തിന് ബന്ധപ്പെട്ടവര്‍ മുന്‍കൈ എടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.