പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയോടെ മുഖം മിനുക്കിയ സര്‍ക്കാര്‍ 2024 ല്‍ നേരിടാന്‍ പോകുന്നത് വലിയ വെല്ലുവിളികള്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുക തന്നെയാണ് എല്ലാ വകുപ്പുകളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ആദ്യം വേണ്ടത്. വിഴിഞ്ഞം തുറമുഖത്തേക്ക് അടുത്തവര്‍ഷം ചരക്ക് കപ്പില്‍ എത്തും എന്നുള്ളതുകൂടി കൊണ്ടാണ് തുറമുഖ വകുപ്പ് സിപിഐഎം ഏറ്റെടുത്തത്.
എന്നാല്‍ ആ വകുപ്പ് സിപിഐഎം ഏറ്റെടുത്ത് മന്ത്രി വി.എന്‍ വാസവന് നല്‍കി. വരുംവര്‍ഷത്തില്‍ വിഴിഞ്ഞം തുറമുഖത്തിലേക്ക് ആദ്യമായി ചരക്ക് കപ്പല്‍ എത്തും. സര്‍ക്കാരിന് ഏറ്റവും അധികം മൈലേജ് ഉണ്ടാക്കാന്‍ പോകുന്നതാണ് പദ്ധതി. അതിനാല്‍ തന്നെ തുറമുഖ വകുപ്പ് സിപിഐഎം ഏറ്റെടുക്കുന്നത് കൃത്യമായ കണക്കുകൂട്ടലും ലക്ഷ്യങ്ങളോടെയുമാണ്. പകരം രജിസ്‌ട്രേഷനും പുരാവസ്തു മ്യൂസിയം വകുപ്പുകളാണ് രാമചന്ദ്രന്‍ നല്‍കുക. തീരുമാനത്തില്‍ ഒരു എതിരഭിപ്രായവും കടന്നപ്പള്ളി രാമചന്ദ്രന് ഉണ്ടായതുമില്ല. ആന്റണി രാജു വഹിച്ചിരുന്ന ഗതാഗതം ഗണേഷ് കുമാര്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍.കഴിഞ്ഞ രണ്ടര വര്‍ഷം ഏറ്റവും അധികം തൊഴിലാളി സമരങ്ങള്‍ ഉണ്ടായ പ്രസ്ഥാനമാണ് കെഎസ്ആര്‍ടിസി. ആ പ്രതിസന്ധികള്‍ ഒറ്റയടിക്ക് പരിഹരിക്കാന്‍ കഴിയില്ലെങ്കിലും ഗണേഷ് കുമാറിന് സര്‍ക്കാര്‍ തൊഴിലാളി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താതെ കത്ത് സൂക്ഷിക്കാന്‍ ആകുമെന്ന് മുന്നണി വിലയിരുത്തുന്നു. താന്‍ അത്ഭുതങ്ങള്‍ ഒന്നും കാണിക്കില്ലെന്നും എന്നാല്‍ പ്രകടമായ മാറ്റം കെഎസ്ആര്‍ടിസിയില്‍ ഉണ്ടാകുമെന്നും ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവനയും ശ്രദ്ധേയം. പുതുവര്‍ഷത്തിലേക്ക് സര്‍ക്കാര്‍ കടക്കുമ്പോള്‍ വകുപ്പുകളുടെ മുന്നോട്ടുപോക്കിന് സാമ്പത്തിക പ്രതിസന്ധിയാണ് തടസ്സം നില്‍ക്കുന്നത്.
രണ്ടരവര്‍ഷം ഒപ്പമുണ്ടായിരുന്ന രണ്ടു മന്ത്രിമാരുടെ മുന്‍ധാരണ പ്രകാരമുള്ള രാജി. പുതിയ രണ്ടു മന്ത്രിമാരെ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്തല്‍. അതിലും ലാസ്റ്റ് മിനിറ്റ് ട്വിസ്റ്റ് എന്നോണം വകുപ്പ് മാറ്റം. എന്നിട്ടും എല്‍ഡിഎഫിനുള്ളില്‍ ഒരു വിവാദവും ഉണ്ടായില്ല എന്നുള്ളത് തന്നെയാണ് മുന്നണിയുടെ ഏറ്റവും വലിയ ആശ്വാസം. മുന്‍ധാരണയെങ്കിലും ഒരു അസ്വാരസവും ഉണ്ടാവാത്തത് എല്‍ഡിഎഫിനെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കും. അഹമ്മദ് ദേവര്‍കോവില്‍ വഹിച്ചിരുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രന് ലഭിക്കുമെന്നായിരുന്നു അവസാന നിമിഷം വരെയും കരുതിയിരുന്നത്.