കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സർക്കാരിനല്ല; ആന്റണി രാജു

പത്തനംതിട്ട: കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാക്കാലത്തും ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സാമ്പത്തിക സഹായം നൽകുന്നതിന് സർക്കാരിന് പരിമിതികളുണ്ട്. സാമ്പത്തികമായ ഞെരുക്കം എല്ലാ മേഖലകളിലുമുണ്ട്. അതുകൊണ്ടു തന്നെ എല്ലാ ചെലവും വഹിക്കാൻ സർക്കാരിന് കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി ജീവനക്കാർക്ക് അഞ്ചാം തീയതി ശമ്പളം ഉറപ്പാക്കാനാവില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് താനല്ലല്ലോ പറയേണ്ടതെന്ന് മന്ത്രി പ്രതികരിച്ചു. ഇക്കാര്യം മാനേജ്‌മെന്റിനാണ്. മാനേജ്‌മെന്റ് അങ്ങനെ പറഞ്ഞിട്ടുണ്ടോ ശമ്പളം കൊടുക്കാൻ കഴിയില്ലാന്ന്. ശമ്പളം കൊടുക്കേണ്ടതിന്റെ ഉത്തരവാദിത്തം സർക്കാരിനല്ലെന്നും മന്ത്രി പറഞ്ഞു.

സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കാണ് സർക്കാർ നേരിട്ട് ശമ്പളം കൊടുക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ടത് അതത് പൊതുമേഖലാ സ്ഥാപനങ്ങളാണ്. വരുമാനവും ചെലവുമെല്ലാം നിർവഹിക്കേണ്ടത് അവരാണ്. സർക്കാർ ഉദ്യോഗസ്ഥരുടേതുപോലെ, കെഎസ്ആർടിസി ജീവനക്കാർക്കും ശമ്പളം കൊടുക്കേണ്ട ബാധ്യത സർക്കാരിനാണെന്ന് തെറ്റായ ധാരണ പരത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

 

Top