തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. സിഎംആര്‍എല്‍ വിഷയത്തില്‍ ഒരു വ്യക്തിയും കുടുംബവും നടത്തുന്ന കൊള്ളയ്ക്ക് സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും കൂട്ടുനില്‍ക്കുന്ന അവസ്ഥയാണുള്ളത്. വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നില്ല. ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ വേട്ടയാടുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍.
സിഎംആര്‍എല്‍ എന്ന കമ്പനി എക്സാലോജിക്കിനും വീണ വിജയനും നല്‍കിയ 1.72 കോടി എന്നത് അഡ്മിറ്റഡ് ട്രാന്‍സാക്ഷനാണ്. അത് സിപിഐഎമ്മോ വീണ വിജയനോ നിഷേധിച്ചിട്ടില്ല.
അതിന് നികുതി അടച്ചിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞുവെങ്കിലും തെളിവ് കാണിക്കാന്‍ കഴിഞ്ഞില്ല. ജിഎസ്ടി അടച്ചാല്‍ പ്രശ്‌നം തീരുമല്ലോ എന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ അത് അവസാനിക്കില്ല എന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
‘മുന്‍കാല പ്രാബല്യത്തോടെ അമന്‍ഡ് ചെയ്ത് ജിഎസ്ടി അടക്കാന്‍ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവര്‍ കമ്പനിയും ജിഎസ്ടി നമ്പറും ക്ലോസ് ചെയ്തത് മൂലമാണ് അതിന് സാധിക്കാത്തത്. അതിന് പെര്‍മിഷനൊക്കെ വാങ്ങിയാല്‍ സാധിക്കുമായിരിക്കും.
അതിനാലാണ് നികുതി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വരാന്‍ വൈകുന്നത്. ഇതിന് പിന്നിലെ കൗശലം എന്തെന്നാല്‍ നികുതി അടച്ചുവെന്ന റിപ്പോര്‍ട്ട് നികുതി സെക്രട്ടറിയില്‍ നിന്ന് വന്നാല്‍ എല്ലാ മാധ്യമങ്ങളും വീണ വിജയന്‍ നികുതി അടച്ചിരുന്നു എന്ന് പറയില്ലേ. അതാണ് അവര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.