എത്ര നന്നായി പ്രവര്‍ത്തിച്ചാലും ഒരു വകുപ്പ് മോശമായി പ്രവര്‍ത്തിച്ചാല്‍, സര്‍ക്കാറിന്റെ ഇമേജിനെയാണ് അത് ബാധിക്കുക.
ഒമ്പതാം ക്ലാസുകാരി ദേവിക, ഇന്ന് കേരളത്തിന്റെ നെഞ്ചു പൊള്ളിക്കുന്ന നൊമ്പരമാണ്. പുതിയ കാലത്തെ പുത്തന്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ കുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലായിരുന്നു. ‘ഞാന്‍ പോകുന്നു’ എന്ന് സ്വന്തം നോട്ട് ബുക്കില്‍ കുറിച്ചിട്ടാണ് ദേവിക തീ കൊളുത്തിയിരിക്കുന്നത്.
ഈ ആത്മഹത്യ, ഒരു പ്രതീകം കൂടിയാണ്. ഓണ്‍ലൈന്‍ പഠനത്തിന് ശേഷിയില്ലാത്ത ആയിരങ്ങളുടെ കണ്ണുനീര്‍ അവള്‍ എഴുതിവച്ച ആ അക്ഷരങ്ങളിലുണ്ട്. അത് ഭരണകൂടവും സമൂഹമാകെയും കാണേണ്ടതുണ്ട്.ഇതിന് പരിഹാരം കണ്ടതിന് ശേഷം മാത്രമേ ഇനി, ഓണ്‍ലൈന്‍ ക്ലാസുകള്‍ തന്നെ തുടങ്ങാന്‍ പാടുള്ളൂ.
കോവിഡ്, ലോക മാനവരാശിയുടെ ജീവിതത്തെ തന്നെയാണ് മാറ്റിമറിച്ചിരിക്കുന്നത്. ക്ലാസ്സ് റൂമുകള്‍, വീടുകളിലെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുക്കപ്പെടുമ്പോള്‍, ആശങ്കയിലാവുന്നത് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ കൂടിയാണ്. രക്ഷിതാക്കളുടെ മനസ്സിലെ ‘തീ’ അവരും കാണുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
ഓണ്‍ലൈന്‍ പഠനത്തിന് വീട്ടില്‍ സംവിധാനമില്ലാത്ത, പാവപ്പെട്ട കുട്ടികളുടെ പട്ടികയില്‍പ്പെട്ട ഒരാളായിരുന്നു ആത്മഹത്യ ചെയ്ത ദേവിക.
ഇക്കാര്യത്തില്‍ മലപ്പുറത്തെ വിദ്യാഭ്യാസ അധികൃതര്‍ക്ക് പറ്റിയിരിക്കുന്നത് ഗുരുതര വീഴ്ചയാണ്.
മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്ത് ന്യായീകരണം നടത്തിയാലും, അത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.
ദേവികയുടെ മരണത്തിന് ഉത്തരവാദി വിദ്യാഭ്യാസ വകുപ്പും സ്‌കൂള്‍ അധികൃതരും തന്നെയാണ്. ഈ കുട്ടിയ്ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം, ഏര്‍പ്പെടുത്തി നല്‍കണമായിരുന്നു. ദേവികയുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തലും നാം മുഖവിലക്കെടുക്കേണ്ടതുണ്ട്.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമം, മകള്‍ പങ്കുവച്ചിരുന്നതായാണ്, രക്ഷിതാക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
പണം ഇല്ലാത്തതിനാല്‍ കേടായ ടിവി നന്നാക്കാന്‍ കഴിയാഞ്ഞതും, സ്മാര്‍ട്ട് ഫോണ്‍ ഇല്ലാതിരുന്നതുമാണ് ദേവികയെ മാനസികമായി തളര്‍ത്തിയിരുന്നത്. ഇതാണ് ഒടുവില്‍ ആ കുട്ടിയുടെ ആത്മഹത്യയില്‍ കലാശിച്ചിരിക്കുന്നത്.
ദേവികയുടെ മാതാപിതാക്കളുടെ ഈ രോദനത്തിന് മുന്നില്‍, ശിരസു നമിക്കേണ്ടത് സാംസ്‌കാരിക കേരളമാണ്.
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ആത്മഹത്യയാണ്, ഈ മണ്ണില്‍ നടന്നിരിക്കുന്നത്.
അവസാന കുട്ടിക്കും ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യമൊരുക്കാതെ, ട്രയല്‍ ക്ലാസ്സുകള്‍ പോലും, തുടങ്ങാന്‍ പാടില്ലായിരുന്നു.
കൊച്ചു കുട്ടികള്‍ക്ക് പോലും, കളിക്കാനും പഠിക്കാനുമായി, വില കൂടിയ സ്മാര്‍ട്ട് ഫോണും, ടാബും വാങ്ങി നല്‍കുന്നവരുടെ കണക്കല്ല, ഇവിടെ മാനദണ്ഡമാക്കേണ്ടിയിരുന്നത്.
ദാരിദ്രത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ആദിവാസി കുട്ടികള്‍ക്കുള്‍പ്പെടെ, സൗജന്യ വിദ്യാഭ്യാസം പ്രാപ്തമാക്കേണ്ടതുണ്ട്. അതിനു വേണ്ടിയുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തേണ്ടത്. ഓരോ പൊതു പ്രവര്‍ത്തകനും ഇക്കാര്യം ഉറപ്പ് വരുത്താനും ബാധ്യതയുണ്ട്. ടി.വിയും മൊബൈലും ഇന്റര്‍നെറ്റും ഒന്നുമില്ലാത്ത കുടിലുകള്‍ നിരവധി ഈ കേരളത്തിലുണ്ട്. കേടായവ നന്നാക്കാന്‍ ശേഷിയില്ലാത്തവരും അനവധിയാണ്. ഈ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടു വേണമായിരുന്നു, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന് പറ്റിയിരിക്കുന്നത് വലിയ വീഴ്ചയാണ്. വൈകിയെങ്കിലും ഈ നിലപാട് തിരുത്തുന്നത് എന്തായാലും സ്വാഗതാര്‍ഹമാണ്.
ദേവികയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍, ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ച നീട്ടാനാണ് പുതിയ തീരുമാനം. വീഴ്ചകള്‍ പരിഹരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ സംപ്രേഷണം ചെയ്ത ഓണ്‍ലൈന്‍
ക്ലാസ്സുകളും, ഇനി മുതല്‍ പുന:സംപ്രേക്ഷണം ചെയ്യുന്നതാണ്.
രണ്ടു ലക്ഷത്തിലധികം കുട്ടികള്‍ക്കാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതിരിക്കുന്നത്. പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണിവര്‍.
ഇവരുടെ കണ്ണീര് തുടക്കാന്‍ സമൂഹം ഒറ്റക്കെട്ടായാണ് രംഗത്തിറങ്ങേണ്ടത്. ഇക്കാര്യത്തില്‍ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസ്സും സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണ്. അഭിനന്ദിക്കപ്പെടേണ്ട മാതൃകയാണിത്.
വീട്ടില്‍ ടെലിവിഷന്‍ ഇല്ലാത്ത കുട്ടികള്‍ക്കായി, ഡിവൈഎഫ്‌ഐ തുടക്കമിട്ടിരിക്കുന്നത് ‘ടി വി ചലഞ്ച്’ ക്യാമ്പയിനാണ്. ഒന്നിലധികം ടിവി സ്വന്തമായുള്ളവര്‍ക്ക് ഒരു ടിവി ഈ പദ്ധതിയിലേക്ക് നല്‍കാവുന്നതാണ്. ഒപ്പം സന്നദ്ധരായ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍നിന്നുള്ള ടിവി സ്‌പോണ്‍സര്‍ഷിപ്പും സ്വീകരിക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ, മികച്ച പ്രതികരണമാണ് ഈ ക്യാമ്പയിന് ലഭിച്ചിരിക്കുന്നത്. ഇതോടൊപ്പം, റീസൈക്കിള്‍ കേരളയുടെ ഭാഗമായി പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന പഴയ ടിവികളും, നന്നാക്കി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. ഒരോ മേഖലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍, അര്‍ഹരായ കുട്ടികളെ കണ്ടെത്തിയാണ, ഡിവൈഎഫ്‌ഐ വിവരങ്ങള്‍ ശേഖരിക്കുന്നത്.
ക്യാമ്പയിന്റെ ഭാഗമായി കോള്‍ സെന്റര്‍ പ്രവര്‍ത്തനവും ഡിവൈഎഫ്‌ഐ ആരംഭിച്ചിട്ടുണ്ട്. ആദ്യ മണിക്കൂറുകള്‍ക്കകം നിരവധി ഫോണ്‍ കോളുകളാണ് ഇവിടേയ്ക്ക് എത്തിയിരിക്കുന്നത്. നടി മഞ്ജുവാര്യരും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ആഷിഖ് അബുവും നടന്‍ സന്തോഷ് കീഴാറ്റൂരും ഉള്‍പ്പെടെ ടെലിവിഷന്‍ നല്‍കാന്‍ സന്നദ്ധരായി കോള്‍ സെന്ററില്‍ നേരിട്ടാണ് വിളിച്ചിരിക്കുന്നത്.
ഡിവൈഎഫ്‌ഐയുടെ ഈ പാത പിന്തുടര്‍ന്ന്, ടിവിയും മൊബൈലും ഇല്ലാത്ത കുടുംബങ്ങളില്‍ ടി.വി എത്തിച്ച് നല്‍കാനാണ് എസ്.എഫ്.ഐയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കണ്ണൂരും എറണാകുളത്തും ജില്ലാ ഭരണകൂടങ്ങള്‍ക്ക് ഇതിനകം തന്നെ എസ്.എഫ്.ഐ ടിവികള്‍ കൈമാറിയിട്ടുണ്ട്.
ടി.എന്‍ പ്രതാപന്‍ എം.പിയുടെ ഇടപെടലിന്റെ ഭാഗമായി 10 ടാബുകള്‍, നടന്‍ ടൊവിനൊയും ഇതിനകം സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്.
എം. സ്വരാജ് എം.എല്‍.എ നേരിട്ടാണ് തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ താമസിക്കുന്ന ദീപക്കും സഹോദരങ്ങള്‍ക്കുമായി ടാബ് നല്‍കിയിരിക്കുന്നത്.
ആത്മഹത്യ ചെയ്ത ദേവികയുടെ സഹോദരിയുടെ പഠന ചിലവ് ഏറ്റെടുത്തിരിക്കുന്നത്ത്, യൂത്ത് കോണ്‍ഗ്രസ്സാണ്.ഈ കുടുംബത്തിന് സുരക്ഷിത ഭവനവും നല്‍കുമെന്ന്, ഷാഫി പറമ്പില്‍ എം.എല്‍.എയും അറിയിച്ചിട്ടുണ്ട്.
യുവജന – വിദ്യാര്‍ത്ഥി സംഘടനകളുടെയും ജനപ്രതിനിധികളുടെയും, ഈ ഇടപെടലുകളെ, നാടാകെ പിന്തുണയ്‌ക്കേണ്ടതുണ്ട്. കാരുണ്യ പ്രവര്‍ത്തി ചെയ്യാന്‍ ആരും തന്നെ കൊടിയുടെ നിറങ്ങള്‍ നോക്കരുത്. അതിനെല്ലാം അപ്പുറമാണ്, ഈ സഹായ ഹസ്തം.
സോഷ്യല്‍ മീഡിയകളില്‍ അദ്ധ്യാപികമാരുടെ നീലസാരിയും പച്ച സാരിയുമല്ല ചര്‍ച്ചയാകേണ്ടത്. ഇത്തരം നന്മകളെയാണ് ജനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത്. അതിനു വേണ്ടിയാണ് ഒറ്റക്കെട്ടായി നാട് പ്രവര്‍ത്തിക്കേണ്ടത്.
ExpressView