നിപ്പ വൈറസ് ബാധിച്ചവരെ പരിചരിച്ച് മരിച്ച നേഴ്‌സ് ലിനിയുടെ കുടുംബത്തോട് സര്‍ക്കാരിന് അവഗണനയെന്ന് നാട്ടുകാര്‍

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചവരെ പരിചരിച്ച നേഴ്‌സ് മരിച്ച സംഭവത്തില്‍ ലിനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായമില്ല. ലിനി മരിച്ച ശേഷവും കുംടുംബാംഗങ്ങളെ ഒരു തവണപോലും വിളിക്കാന്‍ ആരോഗ്യമന്ത്രി തയാറായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് ചങ്ങരോത്ത് ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയില്‍ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്. പനി ബാധിച്ച ലിനിക്കു 17ന് പേരാമ്പ്ര ഗവ. ആശുപത്രിയില്‍ ചികിത്സ നല്‍കി. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു.

ചെസ്റ്റ് ഹോസ്പിറ്റലിലെ ഐസിയുവില്‍ ചികിത്സയിലായിരുന്ന ലിനി തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചിരുന്നു. സ്വന്തം ജീവന്‍ പോലും പണയം വച്ച് ആതുരസേവനത്തിനിറങ്ങിത്തിരിച്ച ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ അവഗണിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

Top