ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം എത്രയും പെട്ടെന്നു ഉപഭോക്താക്കള്‍ക്കു കൈമാറണമെന്നു സര്‍ക്കാര്‍ ഉത്തരവ്.
ജിഎസ്ടി കൗണ്‍സില്‍ കഴിഞ്ഞ യോഗത്തില്‍ നികുതി കുറച്ച 178 ഉത്പന്നങ്ങളുടെ നിര്‍മാതാക്കള്‍ക്കാണു ഉത്തരവ് ബാധകമാകുക.
കൂടാതെ നിലവിലെ എംആര്‍പിയോടൊപ്പം പുതുക്കിയ വിലയും ഉത്പന്നത്തിന്മേല്‍ രേഖപ്പെടുത്തണമെന്നാണു ലീഗല്‍ മെട്രോളജി വകുപ്പ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നത്.
നികുതി കുറച്ചതിന്റെ ആനുകൂല്യം ലഭിച്ചതായി ഉപഭോക്താവിനു ബോധ്യപ്പെടുന്നതിനുവേണ്ടിയാണു പഴയതും പുതിയതുമായ എംആര്‍പി ഉത്പന്നത്തിന്മേല്‍ ഉണ്ടാകണമെന്ന നിര്‍ദേശം വന്നത്.
വിതരണക്കാരുടെ കൈവശമെത്തിയ ഉത്പന്നങ്ങിളിന്മേല്‍ ഒട്ടിക്കുന്നതിനു പുതുക്കിയ എംആര്‍പി രേഖപ്പെടുത്തിയ സ്റ്റിക്കര്‍ തയ്യാറാക്കി കമ്പനികള്‍ കൈമാറണമെന്നാണു നിര്‍ദേശം.
അതേസമയം, റീട്ടെയില്‍ ഷോപ്പുകളിലെത്തിയ ഉത്പന്നങ്ങളുടെ എംആര്‍പി മാറ്റാന്‍ കഴിയില്ലെന്നും കമ്പനികള്‍ വ്യക്തമാക്കിയിരുന്നു.
പ്രമുഖ കമ്പനികളായ നെസ് ലെ ഇന്ത്യ, ഡാബര്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവര്‍ ഉത്പന്നങ്ങള്‍ക്കു ഉടനെതന്നെ വിലകുറച്ചിരുന്നു.
ഡിസംബര്‍ 31വരെ പുതിയ എംആര്‍പിയും പഴയ എംആര്‍പിയും രേഖപ്പെടുത്തുകയാണു വേണ്ടത്. അച്ചടിച്ച സ്റ്റിക്കര്‍ ഒട്ടിക്കുകയോ ഉത്പന്നത്തിന്റെ പായ്ക്കില്‍ രേഖപ്പെടുത്തുകയോ ചെയ്താല്‍ മതി.