കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ സര്‍ക്കാരിന് സാധിച്ചു; മന്ത്രി പി രാജീവ്

കൊച്ചി: അസഫാഖ് ആലത്തിന് വധശിക്ഷ പ്രഖ്യാപിച്ചതില്‍ പ്രതികരിച്ച് മന്ത്രി പി രാജീവ്. ചുമത്തിയ എല്ലാ വകുപ്പിനും പരമാവധി ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. എല്ലാവേളയിലും ആ വീട്ടുകാര്‍ക്കൊപ്പം നിലകൊള്ളാനും അവര്‍ക്കാവശ്യമായ സഹായം ലഭ്യമാക്കാനും സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ സര്‍ക്കാരിന് സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു.

അതിവേഗത്തില്‍ 30 ദിവസം കൊണ്ട് കേസന്വേഷണം പൂര്‍ത്തിയാക്കി, 60 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി 110 ദിവസം കൊണ്ട് വിധിയെഴുതിയ ആലുവ ബലാത്സംഗക്കേസ് ഈ നാട്ടിലെ കുട്ടികളോടും സ്ത്രീകളോടും സംസ്ഥാന സര്‍ക്കാരിനുള്ള പ്രതിബദ്ധതയുടെ ഉദാഹരണം കൂടിയാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

വളരെ വേഗത്തില്‍ കേസന്വേഷിക്കുകയും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് തെളിയിക്കും വിധത്തില്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്ത പൊലീസുകാര്‍ക്കും കോടതിയില്‍ കേസ് വാദിച്ച പബ്ലിക്ക് പ്രോസിക്യൂട്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഈ വിധിയില്‍ അഭിമാനിക്കാം. ഒപ്പം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ച സിഐടിയു പ്രവര്‍ത്തകരെയും ഈ നിമിഷത്തില്‍ ഓര്‍ക്കുന്നുവെന്ന് മന്ത്രി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കര്‍ശനമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top