ന്യൂഡല്‍ഹി: സ്വകാര്യ ട്രെയിന്‍ സര്‍വീസ് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ ചട്ടങ്ങളുമായി സര്‍ക്കാര്‍ രംഗത്ത്. കൃത്യനിഷ്ഠ പാലിക്കാത്ത സ്വകാര്യ ട്രെയിനുകള്‍ക്ക് വന്‍തുക പിഴ ചുമത്താനാണ് സര്‍ക്കാരിന്റെ നീക്കം.നേരത്തെ സ്റ്റേഷനുകളിലെത്തുന്ന ട്രെയിനുകള്‍ക്കും വൈകിയെത്തുന്ന ട്രെയിനുകള്‍ക്കും പിഴ നല്‍കേണ്ടി വരും. സ്വകാര്യട്രെയിനുകള്‍ 95 ശതമാനം സമയനിഷ്ഠ പാലിച്ചില്ലെങ്കില്‍ പിഴ വരും.
സ്വകാര്യ ട്രെയിനുകളുടെ യഥാര്‍ഥ വരുമാനം കണക്കു കൂട്ടിയതില്‍ നിന്ന് ഒരു ശതമാനമെങ്കിലും അധികമായാല്‍ ആ തുകയുടെ പത്തുമടങ്ങ് പിഴയിനത്തില്‍ നല്‍കേണ്ടി വരും.
ഉറപ്പു നല്‍കേണ്ടുന്ന 95 ശതമാനം സമയനിഷ്ഠയില്‍ വരുത്തുന്ന ഒരു ശതമാനം പിഴവിന് ഓരോ കിലോമീറ്ററിനും 512 രൂപ വീതം സ്വകാര്യ ട്രെയിനുകള്‍ നല്‍കേണ്ടി വരും. റെയില്‍വെയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് നല്‍കുന്ന തുകയായാണ് ഇത് ഈടാക്കുന്നത്. പത്ത് മിനിറ്റ് മുമ്പ് നിശ്ചിത സ്റ്റേഷനിലെത്തിച്ചേരുന്ന സ്വകാര്യ ട്രെയിനുകള്‍ 10 കിലോമീറ്ററിന്റെ ചാര്‍ജ് നല്‍കേണ്ടി വരും.
റെയില്‍വെയുടെ ഉത്തരവാദിത്തം മൂലമാണ് സ്വകാര്യട്രെയിനുകളുടെ സര്‍വീസിന് പിഴവ് സംഭവിക്കുന്നതെങ്കില്‍ ഒരു ശതമാനം പിഴവിന് ബദലായി 50 കിലോമീറ്റര്‍ ദൂരത്തിന് സമാനമായ തുക റെയില്‍വെ സ്വകാര്യകമ്പനികള്‍ക്ക് നല്‍കണം. സര്‍വീസ് റദ്ദാക്കുകയാണെങ്കില്‍ ഒരു സര്‍വീസിന് നല്‍കേണ്ടതിന്റെ നാലിലൊന്ന് തുകയും സ്വകാര്യകമ്പനി നല്‍കണം.
സര്‍വീസ് റദ്ദാക്കല്‍ ഒരു മാസത്തിലധികം നീളുകയാണെങ്കില്‍ സര്‍വീസിന്റെ മുഴുവന്‍ തുകയും സ്വകാര്യകമ്പനി നല്‍കേണ്ടി വരും. എന്നാല്‍ റെയില്‍വെയുടെ പിഴവുമൂലമാണ് മേല്‍പ്പറഞ്ഞ സംഭവിക്കുന്നതെങ്കില്‍ റെയില്‍വെ ഒരു തരത്തിലുള്ള നഷ്ടപരിഹാരവും നല്‍കുന്നതല്ല. മറ്റേതെങ്കിലും കാരണത്താലാണ് യാത്രതടസ്സം നേരിടുന്നതെങ്കില്‍ യാതൊരു പിഴയും പരസ്പരം നല്‍കേണ്ടതില്ല.