ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാനാകില്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍.
പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരാക്രമണ ഭീഷണി അവസാനിക്കാതെ കളി പുനരാരംഭിക്കാനാകില്ല. ഭീകരവാദവും കായിക വിനോദവും ഒരുമിച്ചു കൊണ്ടു പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ ഒന്നിന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നുണ്ട്. ജൂണ്‍ നാലിനാണ് മല്‍സരം.
പാക്ക് ക്രിക്കറ്റ് ബോര്‍ഡുമായി ബിസിസിഐ അധികൃതര്‍ ഇന്നു ദുബായില്‍ ചര്‍ച്ച നടത്താനിരിക്കെയാണു കേന്ദ്രമന്ത്രി നിലപാട് അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചാല്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് മല്‍സരങ്ങള്‍ നടത്തുന്നതിനു ബിസിസിഐയ്ക്ക് എതിര്‍പ്പില്ലെന്ന് ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാനുമായുള്ള പരമ്പരയ്ക്കു ബിസിസിഐ എതിരല്ലെന്നും അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റേതാണെന്നും ചൗധരി അറിയിച്ചിരുന്നു.
പാക്കിസ്ഥാനുമായി പരമ്പര കളിക്കാന്‍ അനുമതി തേടി മൂന്നു മാസം മുന്‍പു കേന്ദ്ര സര്‍ക്കാരിനു കത്തയച്ചതായും ചൗധരി വെളിപ്പെടുത്തി. 15 ദിവസം മുന്‍പ് ഇക്കാര്യം ഓര്‍മപ്പെടുത്തി ഒരു കത്തുകൂടി അയച്ചിട്ടുണ്ട്. ഇതിന് ഇനിയും മറുപടി ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റേതാണെന്നും ചൗധരി പറഞ്ഞു.