എല്ലാ വശങ്ങളും പരിശോധിച്ച് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും; കുസാറ്റിലെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് മുഖ്യമന്ത്രി

കോഴിക്കോട്: കളമശ്ശേരി കുസാറ്റിലെ അപകടത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വളരെ ദുഃഖകരമായ ദിവസം ആണ് ഇന്നത്തേതെന്നും കുസാറ്റിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള സദസ്സിന്റെ ഭാഗമായുള്ള മറ്റെല്ലാ പരിപാടികളും ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നാടിന്റെ ദുഖത്തില്‍ പങ്കുചേരുകയാണ്. ഇത്തരം പരിപാടികള്‍ നടക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ട്. അതില്‍ ആവശ്യമെങ്കില്‍ കാലോചിതമായ മാറ്റം വരുത്തും. എല്ലാ വശങ്ങളും പരിശോധിച്ച് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആഘോഷപരിപാടി നടക്കുന്നതിനിടെയുണ്ടായ അവിചാരിത ദുരന്തമാണ് കുസാറ്റിലേത്. നാലുപേരാണ് മരിച്ചത്. നിരവധി പേരാണ് ചികിത്സയിലുള്ളത്. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇത്തരമൊരു അവിചാരിത ദുരന്തമുണ്ടായപ്പോല്‍ എല്ലാവരും അങ്ങോട്ട് ഓടിയെത്തി. സാധാരണ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന എല്ലാവരും അങ്ങോട്ട് ഒരേ മനസ്സോടെ എത്തി. മൂന്ന് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. ഒരു കുട്ടിയുടെ മാതാവ് ഇറ്റലയില്‍നിന്ന് എത്തിയശേഷമായിരിക്കും സംസ്‌കാര ചടങ്ങ് നടക്കുക.

മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിനൊപ്പം താനും മന്ത്രിസഭയും പങ്കുചേരുകയാണ്. വിവരം അറിഞ്ഞ ഉടനെ തന്നെ മണ്ഡലത്തിലെ പ്രതിനിധിയായ വ്യവസായ മന്ത്രി പി. രാജീവ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു എന്നിവര്‍ അവിടെ എത്തി. എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച് അവര്‍ അവിടെയുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Top