തിരുവനന്തപുരം: ഗവർണർ ഒപ്പു വെയ്ക്കാത്തതിനാൽ 11 ഓർഡിനൻസുകൾ അസാധുവായി. ഓർഡിനൻസുകളുടെയെല്ലാം കാലാവധി ഇന്നാണ് അവസാനിച്ചത്. ലോകായുക്ത ഭേദഗതി ഓർഡിനൻസും അസാധുവായവയിൽ ഉൾപ്പെടുന്നുണ്ട്. രാത്രി വൈകിയും ഒപ്പിടുമെന്ന പ്രതീക്ഷയിൽ നിയമ വകുപ്പ് ഉദ്യോഗസ്ഥർ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. രാത്രി വൈകിയെങ്കിലും ഗവർണർ ഒപ്പിട്ടാൽ ഇന്നത്തെ തിയതിയിൽ വിഞാപനം ഇറക്കാനടക്കം ഒരുങ്ങിയിരുന്ന സർക്കാരിന് വലിയ തിരിച്ചടിയാണ് അസാധുവാക്കൽ. പ്രസ് ജീവനക്കാരോട് 12 മണി വരെ സേവൻ തുടരാൻ നിർദേശിച്ചായിരുന്നു സർക്കാർ കാത്തിരുന്നത്. എന്നാൽ പന്ത്രണ്ട് മണി കഴിഞ്ഞിട്ടും ഗവർണർ ഒപ്പിടാത്തതോടെ ഗവർണർ – സർക്കാർ പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്.
ഓർഡിനൻസിൽ കണ്ണുംപൂട്ടി ഒപ്പിടാനാവില്ല. കൂടുതൽ സമയം വേണം. ഒറ്റ ദിവസം കൊണ്ട് എല്ലാം തീരുമാനമാക്കാനാവില്ല. ഓർഡിനൻസുകളിൽ കൃത്യമായ വിശദീകരണം വേണം. ജനാധിപത്യമൂല്യം ഉയർത്തിപിടിക്കണം. ലോകായുക്ത നിയമഭേദഗതി അടക്കം നിർണായകമായ 11 ഓർഡിനൻസുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഗവർണർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി അര മണിക്കൂറോളം ചർച്ച നടത്തിയിട്ടും ഗവർണർ വഴങ്ങിയിരുന്നില്ല.