ഓണം വാരാഘോഷ സമാപന ചടങ്ങിലേക്ക് ഗവർണർക്ക് ക്ഷണമില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം നാളെ അവസാനിക്കും. സമാപന ചടങ്ങിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനിന് ക്ഷണമില്ല. സാധാരണ ഓണം വാരാഘോഷ സമാപന ചടങ്ങിൽ സാധാരണ ഗവർണർമാരാണ് വിശിഷ്ടാതിഥികളായി പങ്കെടുക്കാറുള്ളത്. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം മോശമായി തുടരുന്ന സാഹചര്യത്തിലാണ് ഘോഷയാത്രയിലേക്ക് ഗവർണറെ ക്ഷണിക്കാതിരുന്നത് എന്നത് ശ്രദ്ധേയമാണ്.

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനചടങ്ങും നാളെ നടക്കും. കൊവിഡ് കാരണം രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം ഈ മാസം ആറിന് തുടങ്ങിയ ‌വാരാഘോഷത്തില്‍ വൈവിദ്ധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ദീപാലങ്കാരങ്ങളും, ഭക്ഷ്യമേളകളും പ്രദര്‍ശനങ്ങളും ഒട്ടേറെ പേരെ ആകര്‍ഷിച്ചു. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഗതാഗതമന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് വാരാഘോഷത്തിന് നാളെ തിരുവനന്തപുരത്ത് സമാപനം കുറിയ്ക്കുന്നത്. വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെ നീളുന്ന ഘോഷയാത്രയില്‍ 75-ഓ​ളം നിശ്ചല ദൃശ്യങ്ങള്‍ ഉണ്ടായിരിക്കും. നൂറിലേറെ കലാസംഘങ്ങളും ആയിരത്തിലേറെ കലാകാരന്മാരും അണിനിരക്കുന്ന ഘോഷയാത്ര വൈകീട്ട് അഞ്ചിന് ഫ്ലാഗ് ഓഫ് ചെയ്യും. നിശാഗന്ധിയിലെ സമാപന ചടങ്ങില്‍ ജേതാക്കള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്യും.

Top