ഡല്‍ഹി: ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ഗവര്‍ണര്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. സംസ്ഥാനത്തിന്റെ നിയമനിര്‍മാണം തടസ്സപ്പെടുത്താനും നിയമസഭയെ മറികടക്കാനും ഗവര്‍ണര്‍ക്ക് ആവില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഒരു ബില്‍ വീണ്ടും നിയമസഭ പാസാക്കുകയാണെങ്കില്‍ അതില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണെന്ന് വ്യക്തമാക്കിയ ഉത്തരവില്‍ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ പ്രതീകാത്മക തലവന്‍ മാത്രമാണെന്നും ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ക്ക് നിയമസഭ പാസാക്കി അംഗീകാരത്തിനായി അയച്ച ബില്ലിനോട് ഏതെങ്കിലും രീതിയിലുള്ള വിയോജിപ്പുണ്ടെങ്കില്‍ വീണ്ടും പരിഗണിക്കാനായി തിരിച്ചയക്കാവുന്നതാണ് എന്നും കോടതി വ്യക്തമാക്കി. നിലവില്‍ ഭരണഘടനയുടെ ഇരുന്നൂറാം വകുപ്പ് പ്രകാരം ഒന്നുകില്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുക അല്ലെങ്കില്‍ നല്‍കാതിരിക്കുക അതും അല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുക എന്നീ മൂന്ന് മാര്‍ഗങ്ങളാണ് ഗവര്‍ണറുടെ മുന്നിലുള്ളത്. ബില്ലിന് അംഗീകാരം നല്‍കുന്നില്ല എന്നാണ് ഗവര്‍ണറുടെ തീരുമാനം എങ്കില്‍ നിയമസഭ വീണ്ടും പരിഗണിക്കുന്നതിനായി ബില്‍ തിരിച്ചയക്കാവുന്നതാണ് എന്നും സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.