കാലിക്കറ്റ് ,സംസ്‌കൃത സര്‍കാലശാലകളിലെ വി.സിമാരെ പുറത്താക്കി ഗവര്‍ണര്‍

തിരുവനന്തപുരം: കാലിക്കറ്റ്,സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരെ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാല വി.സി. ഡോ.എം.കെ.ജയരാജ്, സംസ്‌കൃത സര്‍വകലാശാല വി.സി.ഡോ.എം.വി. നാരായണന്‍ എന്നിവരെയാണ് ഗവര്‍ണര്‍ പുറത്താക്കിയത്. ഉത്തരവ് ഉടന്‍ പുറത്തിറക്കും.

യുജിസി നിയമവും ചട്ടവും നിയമനത്തില്‍ പാലിച്ചില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. ഹിയറിങ്ങിന് ശേഷമാണു ഗവര്‍ണര്‍ രണ്ടു വിസിമാരെയും പുറത്താക്കിയത്. ഓപ്പണ്‍, ഡിജിറ്റല്‍ വി.സിമാരുടെ കാര്യത്തില്‍ യുജിസിയുടെ അഭിപ്രായം ഗവര്‍ണര്‍ തേടി. ഓപ്പണ്‍ വി.സി രാജിക്കത്തു നല്‍കിയെങ്കിലും ഗവര്‍ണര്‍ സ്വീകരിച്ചിട്ടില്ല.

സംസ്‌കൃത സര്‍വകലാശാലാ വി.സി. നിയമനത്തിനായി സമര്‍പ്പിച്ച പട്ടികയില്‍ നാരായണന്റെ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നു പേരുള്‍പ്പെടുന്ന പാനല്‍ ചാന്‍സലര്‍ക്ക് നല്‍കണമെന്നാണ് ചട്ടം. മൂന്നുപേരില്ലാത്തതിനാലാണ് സാങ്കേതിക സര്‍വകലാശാലാ വി.സി. സ്ഥാനത്തുനിന്ന് ഡോ. എം.എസ്. രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയത്. ഈ വിധിയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ സമിതിയില്‍ ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. കാലിക്കറ്റ് വി.സി. തിരഞ്ഞെടുപ്പ് സമിതിയില്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെട്ടിരുന്നു.

രാജശ്രീയെ പുറത്താക്കിയതിനു പിന്നാലെ സമാന സാഹചര്യം നേരിടുന്ന 11 വി.സി.മാര്‍ക്ക് ഗവര്‍ണര്‍ പുറത്താക്കാതിരിക്കാന്‍ കാരണംചോദിച്ച് നോട്ടീസ് നല്‍കിയിരുന്നു. ഫിഷറീസ് സര്‍വകലാശാലാ വി.സി.യായിരുന്ന ഡോ. റിജി ജോണും ഇതേ കാരണത്താല്‍ കോടതിവിധിയിലൂടെ പുറത്തായി.

Top