തിരുവനന്തപുരം: ഗവർണറും സർക്കാറും തമ്മിൽ പോര് തുടരുന്ന ഘട്ടത്തിൽ പുതിയ നീക്കവുമായി കോൺഗ്രസ്. ഗവർണറെ അനുകൂലിച്ചാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തിയത്. വളരെ ഗൗരവമുള്ള വിഷയയമാണ് ഗവർണർ ഉന്നയിച്ചതെന്ന് പറഞ്ഞ സുധാകരൻ ഈ സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രത്തോട് പറയണമെന്നും ആവശ്യപ്പെട്ടു.
”സ്വർണക്കടത്തിൽ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ ഗവർണർ അംഗീകരിക്കുകയാണ്. തെറ്റ് തിരുത്താത്ത സർക്കാരിനെ പിരിച്ചു വിടണ്ടേ..ഗവർണർ ഇത് ആവശ്യപ്പെടണം. അന്വേഷണമെങ്കിലും ആവശ്യപ്പെട്ടില്ലെങ്കിൽ ഗവർണറുടേത് വെറും കളിപ്പീരായിരിക്കും. ഒരു വശത്ത് മാറിയിരുന്ന് പറഞ്ഞാൽ പോര. സർക്കാരുമായി തെറ്റിയപ്പോഴാണ് ചെയ്തതൊക്കെ തെറ്റാണെന്ന് ഗവർണർക്കും തോന്നിയത്. ഗവർണറെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധം തന്നെയാണ്. സർക്കാരിന് വേണ്ടി വിസിമാരെ നിയമിച്ചപ്പോൾ കോൺഗ്രസ് ഗവർണറെ എതിർത്തിരുന്നു. കോൺഗ്രസാണ് ഭരിച്ചതെങ്കിൽ ഈ തെറ്റ് ചെയ്യില്ലായിരുന്നു.”- സുധാകരൻ പറഞ്ഞു.
എന്നെ കാവി വത്ക്കരിക്കാൻ നോക്കണ്ട, ഞങ്ങളുടെ ശത്രു ബിജെപി തന്നെയാണ്. സിപിഎം എന്ന ഈർക്കിൾ പാർട്ടി ഇവിടെ മാത്രമല്ലേ ഉള്ളൂ. ഉത്തരേന്ത്യയിലെ സാഹചര്യമല്ല കേരളത്തിൽ, കേരളത്തിൽ സംസ്ഥാന നയം നോക്കിയെ കോൺഗ്രസിന് നിൽക്കാൻ പറ്റൂ എന്നും സുധാകരൻ കൂട്ടിച്ചേർത്തു.