നവകേരള സദസിലെ പരാതിക്ക് പരിഹാരം വേണം, പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ വയോധികന്റെ നിരാഹാര സമരം

പാലക്കാട് : കേരള സര്‍ക്കാരിന്റെ നവകേരള സദസില്‍ നല്‍കിയ പരാതിക്ക് പരിഹാരം തേടി പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ ഒരു വയോധികന്റെ നിരാഹാര സമരം. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുനെല്ലായ് കനാല്‍ പുറംപോക്കില്‍ താമസിക്കുന്ന ചിദംബരനാണ് രണ്ടു ദിവസമായി നിരാഹാര സമരം ചെയ്യുന്നത്. ലോട്ടറി വിറ്റായിരുന്നു ചിദംബരന്‍ ജീവിച്ചിരുന്നത്. 2013 ലുണ്ടായ ഒരു അപകടത്തില്‍ ഇടുപ്പ് എല്ലിനും മൂത്രസഞ്ചിക്കും പരിക്കു പറ്റി. അടിവയറ്റില്‍ ട്യൂബിറക്കിയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ജീവിക്കുന്നത്. അമ്മയായിരുന്നു കൂട്ട്. ചൂലുണ്ടാക്കി വിറ്റ് അമ്മ രോഗിയായ ചിദംബരനെ നോക്കി. ഒരു വര്‍ഷം മുമ്പ് അമ്മ മരിച്ചതോടെ ചിദംബരന്റെ ജീവിതം വഴിമുട്ടി. പിന്നെ ഏക ആശ്വാസം സാമൂഹിക സുരക്ഷാ പെന്‍ഷനായിരുന്നു.

അതും മുടങ്ങിയതോടെയാണ് ചിദംബരന്‍ സഹായം തേടി നവകേരള സദസില്‍ പരാതി നല്‍കിയത്. പക്ഷെ ഇതുവരെ ഒരു പ്രതികരണവും ഉണ്ടായില്ല. ആ പരാതിയുമായാണ് കലക്ട്രേറ്റിന് മുന്നിലെത്തിയത്. ജീവിക്കാന്‍ ആരുടെ മുന്നിലും യാചിക്കാതെ സ്വന്തമായി ലോട്ടറി വില്‍ക്കാനുള്ള സഹായമെങ്കിലും ചെയ്യണമെന്നാണ് ചിദംബരന്‍ ആവശ്യപ്പെടുന്നത്.

Top