ന്യൂഡല്‍ഹി: എസി റെസ്റ്റോറന്റുകളിലെ നോണ്‍ എസി ഏരിയകളില്‍ നിന്നും ഭക്ഷണം പുറത്തേക്ക് കൊടുത്തു വിടുന്നതിനും 18 ശതമാനം ജിഎസ്ടി നിരക്ക് ഈടാക്കുമെന്ന് സര്‍ക്കാര്‍.
ഭക്ഷണം വിതരണം ചെയ്യുകയോ പാര്‍സല്‍ നല്‍കുകയോ ചെയ്യുന്ന ഭാഗത്ത് എസിയില്ലെങ്കിലും ആ ഹോട്ടലില്‍ മറ്റേതെങ്കിലും ഭാഗത്ത് എസിയുണ്ടെങ്കില്‍ 18 ശതമാനമെന്ന ഏകീകൃത ജിഎസ്ടി നിരക്ക് നല്‍കണം.
ജൂലൈ 1 മുതല്‍ നടപ്പിലാക്കിയ ചരക്ക് സേവന നികുതി (ജിഎസ്ടി) ക്ക് കീഴില്‍ നോണ്‍എസി റെസ്‌റ്റോറന്റുകളിലെ ഭക്ഷണ വിലയില്‍ 12 ശതമാനം നികുതി നിരക്കാണ് ചുമത്തിയിരിക്കുന്നത്. എസി റെസ്റ്റോറന്റുകള്‍ക്കും മദ്യലൈസന്‍സുള്ളവയ്ക്കും 18 ശതമാനവും ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് 28 ശതമാനവുമാണ് ജിഎസ്ടി നിരക്ക്.
എസിയില്ലാത്ത ഗ്രൗണ്ട് ഫ്‌ളോറില്‍ ഭക്ഷണം മാത്രം നല്‍കുകയും ഫസ്റ്റ് ഫ്‌ളോറില്‍ എസിയോടു കൂടി ഭക്ഷണം, മദ്യം എന്നിവ നല്‍കുകയും ചെയ്യുന്ന ബാറുകളുടെ കാര്യത്തിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് (സിബിഇസി) നിലപാട് വ്യക്തമാക്കിയത്.
അതിനാല്‍, ഏതു നിലയില്‍ ഭക്ഷണം നല്‍കിയാലും 18 ശതമാനം നികുതി നല്‍കണം. മദ്യ വിതരണം കൂടി നടത്തുന്ന റെസ്റ്റോറന്റുകള്‍ക്ക് കോംപോസിഷന്‍ സ്‌കീമുകള്‍ക്ക് യോഗ്യതയില്ലന്നും സിബിഇസി വ്യക്തമാക്കുന്നു.