ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) ബില്‍ രാജ്യസഭയില്‍ പാസായെങ്കിലും ബില്ല് പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് തീയതി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
എത്രയും പെട്ടെന്ന് ജി.എസ്.ടി യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. ജി.എസ്.ടി കൗണ്‍സില്‍ ഉടന്‍ രൂപികരിക്കുമെന്നും നികുതി നിരക്ക് സംബന്ധിച്ച് കൗണ്‍സില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ധനബില്ലായാണോ (ഫിനാന്‍സ് ബില്‍) പണ ബില്ലായാണോ (മണി ബില്‍) ജി.എസ്.ടി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതിന് വ്യക്തമായ മറുപടി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞില്ല.
ധനബില്ലായി തന്നെ അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് പോലെ നികുതി പരിധി 18 ശതമാനമാക്കി നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജയ്റ്റ്‌ലി വ്യക്തമാക്കി.
ഇത് സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്മുണ്ടാക്കും. നികുതി പരിധി 25 മുതല്‍ 30 ശതമാനം വരെയായിരിക്കുമെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഉയര്‍ന്ന നികുതി നിരക്ക് ഈടാക്കുന്നതിനെതിരെ സി.പി.എം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.
16 സംസ്ഥാനങ്ങളെങ്കിലും ഒരു മാസത്തിനകം ജി.എസ്.ടി അംഗീകരിച്ച് പ്രമേയം പാസാക്കുമെന്നാണ് പ്രതീക്ഷയെന്ന് റെവന്യൂ സെക്രട്ടറി ഹസ്മുഖ് ആധിയ പറഞ്ഞു. ഡിസംബറോടെ നടപടിക്രമങ്ങള്‍ ഒരുവിധം പൂര്‍ത്തിയാകുമെന്ന് കരുതുന്നു. രാജ്യത്തെ 60,000ത്തോളം ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുമെന്നും റെവന്യൂ സെക്രട്ടറി അറിയിച്ചു