ന്യൂഡല്‍ഹി:നികുതിക്ക് പുറമേ ആഡംബര വസ്തുക്കള്‍ക്ക് 15 ശതമാനം വരെ സെസ് ഏര്‍പ്പെടുത്താന്‍ ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
ഇതോടെ, ആഡംബരകാറുകള്‍, ശീതളപാനീയങ്ങള്‍, പുകയില ഉത്പന്നങ്ങള്‍, തുടങ്ങിയവയ്ക്ക് വില കൂടുമെന്ന് ഉറപ്പായി.
ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന വരുമാനനഷ്ടം നികത്താന്‍ സെസ് വഴി പണം സ്വരൂപിക്കാനാണ് തീരുമാനം.
പാന്‍ മസാലകള്‍ക്ക് മൂല്യമനുസരിച്ച് 135 ശതമാനം വരെയും പുകയില ഉത്പന്നങ്ങള്‍ക്ക് മൂല്യമനുസരിച്ച് 290 ശതമാനം വരെയും സെസ് ചുമത്താനാണ് നിലവിലെ ധാരണ.
സെസ് ചുമത്തുന്ന പുകയില ഉത്പന്നങ്ങളില്‍ നിന്നും ബീഡിയെ ഒഴിവാക്കണമെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആവശ്യപ്രകാരം ബീഡിയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
ജി.എസ്.ടി. നടപ്പായശേഷം ആഡംബരകാറുകള്‍ക്ക് പരമാവധി നികുതിയായ 28 ശതമാനത്തിനു പുറമേ, 12 ശതമാനം സെസ് നല്‍കേണ്ടി വരുമെന്നും നികുതി ഘടനയുടെ ഭാഗമായുള്ള അഞ്ച് നിയമനിര്‍മാണങ്ങള്‍ക്ക് തത്ത്വത്തില്‍ അംഗീകാരമായെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
സംസ്ഥാന ജി.എസ്.ടി., കേന്ദ്രഭരണപ്രദേശങ്ങളിലെ ജി.എസ്.ടി. തുടങ്ങിയ രണ്ട് പ്രധാന ബില്ലുകള്‍ കൂടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു.
ജി.എസ്.ടി. പാസാക്കി ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്രനീക്കം.