കോവിഡ് വാക്‌സിന്റെ ജിഎസ്ടി നികുതി ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്റെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച തീരുമാനമെടുക്കും. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതിയിലും ഇളവ് വരുത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ തീരുമാനമായേക്കും.

നിലവില്‍ അഞ്ച് ശതമാനം നികുതിയാണ് കോവിഡ് വാക്സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി നിരക്ക് 0.1 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദേശവും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഈ രണ്ട് നിര്‍ദേശങ്ങളിലെയും ഗുണദോഷ ഫലങ്ങള്‍ വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം അവതരിപ്പിക്കും.

സ്വന്തമായി വാക്സിന്‍ വാങ്ങേണ്ടി വരുന്നത് പല സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക ,തെലങ്കാന, ഒറീസ എന്നി സംസ്ഥാനങ്ങള്‍ 25 മുതല്‍ 30 ശതമാനം വരെ മൂലധന ചെലവുകള്‍ വെട്ടികുറയ്ക്കും എന്ന് അറിയിച്ചിട്ടുണ്ട്.

Top