ന്യൂഡല്‍ഹി: കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റിലെ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്തണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. കൊവിഡിനെ തുടര്‍ന്നുള്ള ആത്മഹത്യ കൊവിഡ് മരണമായി കണക്കാക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു.
കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. പരാതി കൈകാര്യം ചെയ്യുന്ന കമ്മിറ്റി എപ്പോള്‍ രൂപീകരിക്കുമെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.
ഹര്‍ജി പരിഗണിക്കുന്നത് സെപ്തംബര്‍ 23ലേക്ക് മാറ്റി. കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നലെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. കൊവിഡ് പോസിറ്റീവായി 30 ദിവസത്തിനകം മരിച്ചാല്‍ അതിനെ കൊവിഡ് മരണമായി കണക്കാക്കാം.
അപകടം, ആത്മഹത്യ, കൊലപാതകം, വിഷം അകത്തുചെന്നുള്ള മരണം എന്നിവയില്‍ അവര്‍ കൊവിഡ് രോഗിയാണെങ്കില്‍പ്പോലും കൊവിഡ് മരണമായി കണക്കാക്കില്ല എന്നിവയായിരുന്നു പ്രധാന മാര്‍ഗനിര്‍ദേശം.