രാജ്യത്ത് കേഡര്‍ സംഘടനാ സംവിധാനമാണ് സംഘപരിവാര്‍ സംഘടനകള്‍ക്കുള്ളത്. സി.പി.എമ്മിന്റെ അത്രത്തോളം കര്‍ക്കശ സംവിധാനം ഇല്ലങ്കിലും അച്ചടക്കമുള്ള പ്രവര്‍ത്തകരും നേതൃത്വവുമാണ് തങ്ങള്‍ക്കുള്ളതെന്നാണ് ബി.ജെ.പി – ആര്‍.എസ്.എസ് നേതൃത്വങ്ങള്‍ അവകാശപ്പെടാറുള്ളത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ ഭിന്നതയോടെ ഈ അവകാശവാദത്തിന് യാതൊരു കഴമ്പുമില്ലന്ന് മുന്‍പ് തന്നെ കേരളത്തില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഏറ്റവും ഒടുവില്‍ സംസ്ഥാന നേതൃത്വം ഒതുക്കി നിര്‍ത്തിയ ശോഭ സുരേന്ദ്രന് മത്സരിക്കാന്‍ സീറ്റു ലഭിക്കാന്‍ പോലും സാക്ഷാല്‍ മോദിക്കു തന്നെ ഇടപെടേണ്ടി വന്നിരിക്കുകയാണ്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അതാണ് സൂചിപ്പിക്കുന്നത്. ലതിക സുഭാഷിനെ പോലെ മൊട്ടയടിക്കേണ്ട ആവശ്യം ഇല്ലാതെ തന്നെ കഴക്കൂട്ടത്ത് സീറ്റൊപ്പിക്കാന്‍ ഇതു വഴി ശോഭ സുരേന്ദ്രനു കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ സംഘപരിവാറിലെ സ്ഥിതി കൂടുതല്‍ രൂക്ഷമായാണിപ്പോഴും തുടരുന്നത്. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്ന കെ.സുരേന്ദ്രനെതിരെയാണ് പ്രധാന പടയൊരുക്കം. അച്ചടക്കത്തിന്റെ എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ച് ആര്‍എസ്എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍ നടത്തിയ പ്രതികരണവും രാഷ്ട്രീയ കേരളത്തെ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്. ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാട് കാരണമാണെന്നും ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തില്‍ ബിജെപിക്ക് ഒരു വിജയസാധ്യതയുമുണ്ടാവില്ലെന്നുമാണ് ബാലശങ്കര്‍ തുറന്നടിച്ചിരിക്കുന്നത്. കേരളത്തില്‍ സി.പി.എം – ബി.ജെ.പി ‘ഡീല്‍’ എന്ന ഗുരുതര ആരോപണവും ബാലശങ്കര്‍ ഉയര്‍ത്തിയിട്ടുണ്ട്.
ചെങ്ങന്നൂരിലും ആറന്മുളയിലും സിപിഎമ്മിന്റെയും കോന്നിയില്‍ കെ.സുരേന്ദ്രന്റെയും, വിജയം ഉറപ്പാക്കുകയാണ് ബിജെപി-സിപിഎം ‘ഡീല്‍’ എന്നാണ് ബാലശങ്കര്‍ ആരോപിക്കുന്നത്. ചെങ്ങന്നൂര്‍ സീറ്റ് തനിക്ക് നിഷേധിച്ചതിനു പിന്നില്‍ ബിജെപി സംസ്ഥാന നേതൃത്വവും സിപിഎമ്മും തമ്മില്‍ രഹസ്യ ധാരണ ഉണ്ടെന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു കണ്ടു പിടുത്തം. ബാലശങ്കറിന്റെ ഈ ആരോപണം യു.ഡി.എഫിനു അദ്ദേഹം നല്‍കിയ തിരഞ്ഞെടുപ്പ് ആയുധമാണ്. അതാകട്ടെ, ശരിക്കും ഉപയോഗപ്പെടുത്താന്‍, യു.ഡി.എഫ് നേതൃത്വവും ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്. മലയാളിയുടെ ചിന്താശക്തിയെ വെല്ലുവിളിക്കുന്ന ഏര്‍പ്പാടാണിത്. സി.പി.എമ്മിന് ആറന്‍മുളയിലും ചെങ്ങന്നൂരിലും മത്സരിക്കാന്‍ ബി.ജെ.പിയുടെ പിന്തുണ ഒരിക്കലും ആവശ്യമില്ല. ബി.ജെ.പിയെയും കോണ്‍ഗ്രസ്സിനെയും തോല്‍പ്പിച്ച് തന്നെയാണ് ഈ രണ്ടു മണ്ഡലങ്ങളിലും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരിക്കുന്നത്. കോന്നിയില്‍ സുരേന്ദ്രനെ പരാജയപ്പെടുത്തി വെന്നിക്കൊടി പാറിച്ചതും സി.പി.എമ്മാണ്.
കാവിയുടെ നിഴല്‍ കൊണ്ടാല്‍ പോലും ഉള്ള സീറ്റുകളാണ് ഇടതുപക്ഷത്തിന് നഷ്ടമാകുക. അത് തിരിച്ചറിയുന്നവര്‍ തന്നെയാണ് സി.പി.എം നേതാക്കളും. ചെങ്കൊടിയുടെ ഏറ്റവും വലിയ ശത്രു ബി.ജെ.പിയും ആര്‍.എസ്.എസുമാണ്. അതാകട്ടെ പ്രത്യായശാസ്ത്രപരമായ എതിര്‍പ്പിനും അപ്പുറവുമാണ്. സി.പി.എമ്മിനെയും ബി.ജെ.പിയെയും ശരിക്കും അറിയാവുന്ന മലയാളികള്‍ ബാല ശങ്കറിന് എന്തോ തകരാറുണ്ട് എന്നു തന്നെയാണ് വിലയിരുത്തുക. കാവിയുടെയും ചുവപ്പിന്റെയും പകയുടെ ആഴം ഡല്‍ഹിയില്‍ ഇരിക്കുന്ന ബാലശങ്കര്‍ മറച്ചു പിടിക്കാന്‍ ശ്രമിച്ചാലും രാഷ്ട്രീയ കേരളത്തിന് അത് ശരിക്കും ബോധ്യമുള്ള കാര്യമാണ്. പരസ്പരം കണ്ടാല്‍, മിണ്ടാന്‍ പോലും പറ്റാത്ത അത്രയും അകലത്തില്‍ ഉള്ളവര്‍, വോട്ട് കച്ചവടം നടത്തും എന്നു പറഞ്ഞാല്‍ ബാലശങ്കറിന്റെ കുടുംബം പോലും വിശ്വസിച്ചെന്നു വരികയില്ല. ഇങ്ങനെ അടിസ്ഥാന രഹിതമായ ഒരു പ്രതികരണം നടത്തിയിട്ടും ബാലശങ്കര്‍ ഇപ്പോഴും സംഘപരിവാറില്‍ തുടരുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അജണ്ട മറ്റു പലതുമാണ് എന്നതു തന്നെയാണ്.
ബി.ജെ.പി – സി.പി.എം ധാരണ എന്ന പുകമറ സൃഷ്ടിച്ച് സി.പി.എമ്മിന്റെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമമായും ഈ നീക്കത്തെ സംശയിക്കേണ്ടിയിരിക്കുന്നു. പറയുന്ന വാക്കുകള്‍ക്ക് വിശ്വാസ്യത കിട്ടുന്നതിനു വേണ്ടിയാണ് സംസ്ഥാന നേതൃത്വത്തെ ബാലശങ്കര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും സംശയിക്കുന്നത്. പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന ബാലശങ്കറിന് മത്സരിക്കാന്‍ ഒരു സീറ്റ് ഒപ്പിച്ചെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല ബാലശങ്കറിന്റെ ഇപ്പോഴത്തെ പ്രതികരണം കേട്ടാല്‍ തോന്നുക മോദിയുടെയും അമിത് ഷായുടെയും മുകളിലാണ് കെ.സുരേന്ദ്രനെന്നാണ്. പുകമറ സൃഷ്ടിച്ച് പരിവാര്‍ അജണ്ട നടപ്പാക്കാന്‍ തന്നെയാണ് ബാലശങ്കര്‍ ആരോപണത്തിലൂടെ ശ്രമിച്ചിരിക്കുന്നത്.
ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്ലീം വിഭാഗത്തിന്റെ വലിയ പിന്തുണ ഇത്തവണ ഇടതുപക്ഷത്തിനു ലഭിക്കുമെന്നാണ് പുറത്തു വന്ന എല്ലാ അഭിപ്രായ സര്‍വേകളും ചൂണ്ടിക്കാട്ടുന്നത്.ആര്‍.എസ്.എസ് നേതൃത്വത്തെ ഏറെ ആശങ്കപ്പെടുത്തുന്ന സര്‍വേ റിപ്പോര്‍ട്ടാണിത്. കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ ഉള്‍പ്പെടെ കൂട്ടത്തോടെ കാവിയണിയുന്ന സാഹചര്യത്തില്‍ മുസ്ലീം സമുദായത്തിനിടയില്‍ യു.ഡി.എഫിനോടുള്ള താല്‍പ്പര്യത്തില്‍ വലിയ ഇടിവ് സംഭവിച്ചതും ഇടതുപക്ഷത്തിനാണ് നേട്ടമായിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷം സംഘടിപ്പിച്ച പ്രക്ഷോഭങ്ങളും സര്‍ക്കാറിന്റെ നിലപാടുകളും ഈ തിരഞ്ഞെടുപ്പിലും പ്രധാന ചര്‍ച്ച തന്നെയാണ്. ഇതാടൊപ്പം പിണറായി സര്‍ക്കാറിന്റെ ജനക്ഷേമപദ്ധതികളും വികസന പദ്ധതികളും വോട്ടാകുമെന്നും ആര്‍.എസ്.എസ് നേതൃത്വം ഭയപ്പെടുന്നുണ്ട്. വീണ്ടും ഒരിക്കല്‍ കൂടി പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരരുതെന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്നതും ആര്‍.എസ്.എസ് നേതൃത്വം തന്നെയാണ്.
ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നതും പിണറായി ഭരണത്തിലാണ്. ഈ കേസുകളെല്ലാം കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ പിന്‍വലിപ്പിക്കാന്‍ കഴിയുമെന്നാണ് പരിവാര്‍ നേതൃത്വം കണക്കു കൂട്ടുന്നത്. 2005-ല്‍ തിരുവനന്തപുരം എം.ജി കോളജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് – എ.ബി.വി.പി പ്രവർത്തകർക്ക് എതിരായി എടുത്ത കേസ് പിന്‍വലിച്ചിരുന്നത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തായിരുന്നു.സി.ഐയെ ബോംബെറിഞ്ഞു വധിക്കാന്‍ ശ്രമിച്ച കേസാണ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നത്. ഇത്തരത്തില്‍ ഒരു കൈ സഹായമാണ് വീണ്ടും സംഘപരിവാര്‍ കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. പാലക്കാട് എത്തിയ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെ അപമാനിക്കാന്‍ നടന്ന ശ്രമവും ആര്‍.എസ്.എസിനെ ഏറെ പ്രകോപിപ്പിച്ച ഘടകമാണ്.
രാജ്യത്ത് ഏറ്റവും അധികം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് സി.പി.എം പ്രവര്‍ത്തകരാല്‍ ആണെന്നാണ് ആര്‍.എസ്.എസ് ദേശീയ നേതൃത്വവും ആരോപിക്കുന്നത്. അതു കൊണ്ടു തന്നെയാണ് ചുവപ്പ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തി കേന്ദ്ര മന്ത്രിമാരെയും ബി.ജെ.പി മുഖ്യമന്ത്രിമാരെയും രംഗത്തിറക്കി കേരളത്തില്‍ കുമ്മനത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്നു പറയുന്ന പരിവാര്‍ സംഘടനകള്‍ കേരളത്തില്‍ ആ മുദ്രാവാക്യം തിരുത്തി കമ്യൂണിസ്റ്റു വിരുദ്ധ കേരളമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.ഇവിടെ കോണ്‍ഗ്രസ്സിനെ അവര്‍ പ്രധാന എതിരാളിയായി കാണുന്നില്ല. കോണ്‍ഗ്രസ്സ് അഥവാ അധികാരത്തില്‍ വന്നാലും കാവിയണിയിക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലന്നതാണ് പരിവാര്‍ നേതൃത്വത്തിന്റെ പൊതു വിലയിരുത്തല്‍.
കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്ന നിരവധി സംസ്ഥാനങ്ങളില്‍ ബി.ജെ.പി അട്ടിമറി നടത്തിയ സാഹചര്യത്തില്‍ കാവിപ്പടയുടെ ഈ ആത്മവിശ്വാസത്തെ നിസാരമായി തള്ളിക്കളയാനും കഴിയുകയില്ല. ഗോവ കര്‍ണ്ണാടക മധ്യപ്രദേശ് പോണ്ടിച്ചേരി സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ നല്‍കിയ ഭരണമാണ് കോണ്‍ഗ്രസ്സ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. പണത്തിനും അധികാരത്തിനും മീതെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പറക്കാത്തിടത്തോളം കാലം, കേരളത്തിലും ബി.ജെ.പിക്ക് പ്രതീക്ഷക്ക് ഏറെ വകയുണ്ട്. അബ്ദുള്ളക്കുട്ടിയുടെ പാതയില്‍ എത്ര പേര്‍ ബി.ജെ.പിയില്‍ എത്തുമെന്നത് കാത്തിരുന്ന് കാണേണ്ട കാഴ്ച തന്നെയാണ്. തല്‍ക്കാലം പിണറായി ഭരണത്തില്‍ നിന്നും ഒരു മോചനം ആണ് പരിവാര്‍ നേതൃത്വം ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ബാക്കിയെല്ലാം പിന്നീട് ചര്‍ച്ച ചെയ്യാം എന്നതാണ് നിലപാട്. ഈ നീക്കത്തിന്റെ ഭാഗമായി തന്നെയാണ് ബാലശങ്കറിന്റെ പ്രതികരണത്തെ സി.പി.എമ്മും ഇപ്പോള്‍ നോക്കി കാണുന്നത്. ബി.ജെ.പി – സി.പി.എം ധാരണയെന്ന ചെന്നിത്തലയുടെ ആരോപണം മുതലെടുപ്പ് രാഷ്ട്രീയമാണെന്നാണ് സി.പി.എം നേതൃത്വം തുറന്നടിച്ചിരിക്കുന്നത്.
അതേസമയം എന്തു വില കൊടുത്തും ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ് യു.ഡി.എഫ് നേതൃത്വവും നിലവില്‍ ശ്രമിക്കുന്നത്. ബാലശങ്കറിന്റെ ആരോപണം പരമാവധി ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ഉപയോഗിക്കാനാണ് അണികളോട് നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്ന സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും ഇത് അവസാനത്തെ അവസരം കൂടിയാണ്. ഇത്തവണ ഇല്ലങ്കില്‍ ഇനി ഒരിക്കലുമില്ലാത്തത് ഇവര്‍ക്കു കൂടിയാണ്. ഈ കളിയില്‍ കൂടി പരാജയപ്പെട്ടാല്‍ പിന്നെ കളിക്കാന്‍ ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും മാത്രമല്ല കോണ്‍ഗ്രസ്സിനു പോലും കളിക്കളം ഉണ്ടാവുകയില്ല. ഈ അവസ്ഥ സൃഷ്ടിച്ചതില്‍ കെ.സി വേണുഗോപാലിനും വലിയ പങ്കാണുള്ളത്.