സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകള്‍ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ച 135 പേരുടെ പേരുകള്‍ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. മരണക്കണക്കില്‍ വിവാദമുയര്‍ന്നതോടെ ഇന്നുമുതല്‍ കൊവിഡ് മരണങ്ങളുടെ പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു.

കൊവിഡ് മരണങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ചര്‍ച്ചയായതോടെ 2020 ഡിസംബറിലാണ് പേരും വിവരങ്ങളും നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയത്. ഇതോടെ മരണങ്ങള്‍ ഒത്തുനോക്കാനും ഒഴിവായത് കണ്ടെത്താനും കഴിയാതെയായി. മരിച്ചവരുടെ പേരടക്കമുള്ള വിവരങ്ങള്‍ ഇന്ന് മുതല്‍ ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുക.

അതേസമയം ഔദ്യോഗിക പട്ടികയില്‍ നിന്ന് വിട്ടുപോയ കൊവിഡ് മരണങ്ങള്‍ കണ്ടെത്താനുള്ള നടപടിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇപ്പോള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച മരണക്കണക്കുകളില്‍ നിന്ന് വിട്ടുപോയവ കണ്ടെത്താനാണ് നിര്‍ദേശം. സര്‍ക്കാര്‍ പട്ടികയിലുണ്ടായിട്ടും താഴേത്തട്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത മരണങ്ങളാണ് കണ്ടെത്തുന്നത്.

Top