ഭോപ്പാല്‍: മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കമല്‍ നാഥിനോട് രാജി ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്. കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് രാജി ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെസി വേണു ഗോപാല്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് രാജി ആവശ്യപ്പെട്ടത്. പകരം പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കമല്‍ നാഥ് ഉടന്‍ രാജി വക്കുമെന്ന് സൂചന.
ഇന്ത്യ മുന്നണി നേതാക്കളെ പിണക്കിയതില്‍ ഹൈക്കമാന്‍ഡ് നേരില്‍ അതൃപ്തി അറിയിച്ചു. തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടെന്ന് കമല്‍നാഥ് രംഗത്തുവന്നിരുന്നു. വിഷയം വിശദമായി പരിശോധിക്കുമെന്നും കമല്‍നാഥ് പറഞ്ഞു. മധ്യപ്രദേശിലെ കനത്ത പരാജയം സംബന്ധിച്ച് കോണ്‍ഗ്രസ്, പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടായെന്ന ആരോപണ വുമായി പി സി സി അധ്യക്ഷന്‍ കമല്‍നാഥ് രംഗത്ത് വന്നത്.
ജയിച്ചവരും തോറ്റവരും ആയ സ്ഥാനാര്‍ത്ഥികളുമായി താന്‍ ചര്‍ച്ച നടത്തിയെന്നും, ചിലര്‍ക്ക് സ്വന്തം ഗ്രാമത്തില്‍ പോലും 50 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് എന്നതും, ഒരു ബൂത്തില്‍ പോലും ലീഡ് ചെയ്യാന്‍ കഴിഞ്ഞില്ല എന്നുള്ളതും അസ്വാഭാവികമാണെന്ന് കമല്‍നാഥ് പ്രതികരിച്ചു. ജയത്തിന് പശ്ചാത്തലം ഒരുക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പ് സര്‍വേകള്‍ നടത്തുന്നതെന്നുമാണ് ആരോപണം.