കെപിസിസിയുടെ പുനഃസംഘടനാ പട്ടിക ഹൈക്കമാൻഡ് തള്ളി

കെപിസിസിയുടെ പുനഃസംഘടനാ പട്ടിക ഹൈക്കമാൻഡ് തള്ളി. 50 വയസിൽ താഴെയുള്ള വനിതകൾക്കും യുവാക്കൾക്കും പ്രാതിനിധ്യം വർധിപ്പിക്കണം. സാമുദായിക സന്തുലനവും പാലിക്കപ്പെട്ടിട്ടില്ലെന്ന് ഹൈക്കമാൻഡ് വ്യകത്മാക്കി. പട്ടികയ്‌ക്കെതിരെ എംപിമാർ ഉൾപ്പടെ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ യുവാക്കള്‍ക്കും വനിതകള്‍ക്കും പാര്‍ട്ടി സ്ഥാനങ്ങളില്‍ മികച്ച പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനം സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ അട്ടിമറിച്ചെന്നാണ് ആരോപണം.

ഒരു നിയമസഭാനിയോജകമണ്ഡലത്തില്‍ നിന്ന് രണ്ട് പ്രതിനിധികള്‍. അങ്ങിനെ 140 നിയോജകമണ്ഡലങ്ങളില്‍ നിന്നായി 280 പേരാണ് കെപിസിസി അംഗങ്ങളായി എത്തേണ്ടത്. യുവാക്കള്‍ക്കും വനിതകള്‍ക്കും ദളിത് വിഭാഗത്തില്‍ നിന്നുളളവര്‍ക്കുമായി കൂടുതല്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും സംഘടനാ സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ ഗ്രുപ്പുകളുടെ അനാവശ്യ ഇടപെടൽ പാടില്ലെന്ന ഉദയ്പൂര്‍ ചിന്തന്‍ശിബിര തീരുമാനം പുറത്തു വന്നതിനു പിന്നാലെയാണ് കെപിസിസി പുനഃസംഘടനാ ചര്‍ച്ചയിലേക്ക് കടന്നത്.

എന്നാല്‍ ചിന്തന്‍ശിബിര തീരുമാനങ്ങളാകെ ലംഘിച്ചു കൊണ്ടുളള പട്ടികയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്നതെന്ന പരാതിയാണ് ഉയരുന്നത്. നിലവിലുളള കെപിസിസി അംഗങ്ങളില്‍ പലരെയും ഒഴിവാക്കാതെയാണ് പുതിയ പട്ടിക തയാറായിരിക്കുന്നത്. പാര്‍ട്ടി വിട്ടു പോയവരും, മരിച്ചു പോയവരും ഉള്‍പ്പെടെ 44 പേരുടെ ഒഴിവുകളിലേക്ക് മാത്രമാണ് പുതിയ ആളുകളെ കണ്ടെത്തിയിരിക്കുന്നത്. അവിടെയും ഗ്രൂപ്പ് നോക്കിയാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

ഇപ്പോൾ തയാറാക്കിയ പട്ടികയനുസരിച്ച് രണ്ട് വനിതകൾ മാത്രമാവും പുതുതായി കെപിസിസിയിൽ എത്തുക. സജീവ സംഘടനാ പ്രവര്‍ത്തനത്തിലില്ലാത്ത കിടപ്പു രോഗികളായ നേതാക്കളെ വരെ ഇനിയും കെപിസിസി അംഗങ്ങളാക്കി തുടരുന്നതില്‍ എന്തു കാര്യമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ചോദ്യം.

Top