വ്യാജ ഐഡി കാര്‍ഡ്; ഡിജിപിയോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇക്കാര്യത്തില്‍ ഡിജിപിയോട് ഹൈക്കോടതി വിശദീകരണം തേടി. അതേസമയം, ഹര്‍ജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി. വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ഉയരുന്നത്.

ഏത് അന്വേഷണവും നടക്കട്ടെയെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു ആശങ്കയും ഇല്ല. ആര്‍ക്കുവേണമെങ്കിലും പരാതി കൊടുക്കാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു. ഇലക്ഷന്‍ കമ്മീഷന്‍ വിഷയം ഗൗരവമായി എടുത്തത് സ്വാഗതം ചെയ്യുന്നു. കേരളാ പൊലീസില്‍ നിന്ന് സാധാരണക്കാര്‍ക്ക് നീതി കിട്ടില്ല. ഇങ്ങനെയുള്ള പരാതി നല്‍കുമ്പോള്‍ ഡിവൈഎഫ്‌ഐക്കെങ്കിലും നീതി കിട്ടുമോ എന്ന് നോക്കാം. ഡിവൈഎഫ്‌ഐക്ക് ഇത്തരത്തില്‍ താഴെ തട്ടു മുതല്‍ ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമോയെന്നുമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.

സംഘടനാതലത്തില്‍ ഇങ്ങനെയൊരു പരാതി ഉയര്‍ന്നതായി അറിയില്ല. പാലക്കാട്ടെ മറ്റ് തെരഞ്ഞെടുപ്പിലും കൃത്രിമം നടന്നോയെന്ന് പരിശോധിക്കണമെന്ന സുരേന്ദ്രന്റെ പ്രസ്താവന തരം താഴ്ന്നതാണെന്നും ഇങ്ങനെ സ്വയം പരിഹാസ്യനാകരുതെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചിരുന്നു. കെ. സുരേന്ദ്രനെതിരെ ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനാണ് ആരോപണമുന്നയിച്ചത്.

Top