സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. പ്രീതി വ്യക്തിപരമല്ലെന്നും വ്യക്തികളെ ഇഷ്ടമല്ലെങ്കില്‍ പ്രീതി പിന്‍വലിക്കുന്നത് ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടിക്കെതിരേയുള്ള ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് കോടതിയില്‍നിന്ന് ചാന്‍സലര്‍ക്കെതിരേ വിമര്‍ശനമുണ്ടായത്.

സര്‍വകലാശാല സെനറ്റിനേയും കോടതി വിമര്‍ശിച്ചു. പുതിയ വൈസ് ചാന്‍സലറെ നിയമിക്കാന്‍ നിങ്ങള്‍ക്ക് ഉദ്ദേശമില്ലെന്നാണ് മനസിലാകുന്നതെന്നാണ് സെനറ്റ് അംഗങ്ങളോടുള്ള കോടതിയുടെ വിമര്‍ശനം. പുതിയ വൈസ് ചാന്‍സലറെ തീരുമാനിക്കുന്നതിനുള്ള നോമിനിയെ നിശ്ചയിക്കുമെങ്കില്‍ പുറത്താക്കിയ മുഴുവന്‍ സെനറ്റ് അംഗങ്ങളേയും ഉടന്‍ ആ സ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കാമെന്ന വാദവും കോടതി മുന്നോട്ടുവെച്ചു. എന്നാല്‍ അതിനനുസരിച്ചുള്ള പ്രതികരണങ്ങള്‍ സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച് കോടതിക്ക് മാത്രമേ ആശങ്കയുള്ളു. മറ്റൊരു കക്ഷിയും അതേക്കുറിച്ച് ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നില്ല എന്നൊരു വിമര്‍ശനം കൂടി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായി. ചാന്‍സലറുടെ നടപടിക്കെതിരേയുള്ള ഹര്‍ജിയില്‍ കോടതിയില്‍ വാദം തുടരുകയാണ്.

Top