ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി

kerala-high-court

കൊച്ചി: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിലവിലെ നിയമന രീതി ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പി. ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി.മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

എന്നാല്‍ നിലവിലെ നിയമന രീതി ഭരണഘടനാ വിരുദ്ധമാണെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി തള്ളി. അതേ സമയം നിലവിലെ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കണം. കോടതിക്ക് സര്‍ക്കാരിന്റെ മേല്‍ ഇക്കാര്യം അടിച്ചേല്‍പ്പിക്കാനാവില്ല. നല്‍കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി അറിയിച്ചു. അതേ സമയം കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ദേവസ്വം ബോര്‍ഡുകളുടെ രൂപവത്കരണം ഭരണഘടന വിരുദ്ധമാണെന്നും ബദല്‍ സംവിധാനം വേണമെന്നും ആവശ്യപ്പെട്ടാണ് ടി.ജി മോഹന്‍ദാസ് ഹൈക്കോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡുകളുടെ ഭരണം രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും താല്‍പര്യത്തിന് അനുസരിച്ചാണെന്നും ഹിന്ദുമത വിശ്വാസ പ്രകാരമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിയമസഭയിലെ ഹിന്ദു എം.എല്‍.എമാര്‍ ചേര്‍ന്നാണ് ബോര്‍ഡിലേക്കുള്ള ഒരംഗത്തെ തിരഞ്ഞെടുക്കുന്നത്. മറ്റ് രണ്ടു പേരെ മന്ത്രിസഭയിലെ ഹിന്ദുക്കളായവരാണ് തിരഞ്ഞെടുക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന നിര്‍ദേശ പ്രകാരമാണ് ഈ തിരഞ്ഞെടുപ്പെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Top