കൊച്ചി: പ്രളയക്കെടുതി മൂലമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചുവെന്ന് ഹൈക്കോടതി. കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
അതേസമയം കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി.എസ് അച്ചുതാനന്ദനും ആവശ്യപ്പെട്ടിരുന്നു. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമെന്നാണ് പ്രളയക്കെടുതിയെക്കുറിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായം അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ്സ് വക്താവ് എ കെ ആന്റണി പറഞ്ഞിരുന്നു.
കേരള പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സഹായങ്ങള്‍ പതിന്മടങ്ങ് വര്‍ധിപ്പിക്കണമെന്നും ആന്റണിയും ആവശ്യപ്പെട്ടു. നിരവധി സംഘടനകളും സംസ്ഥാനങ്ങലും വിദേശരാജ്യങ്ങളും വ്യക്തികളും കേരളത്തിന്റെ കണ്ണീരൊപ്പാന്‍ സഹായഹസ്തവുമായി എത്തിയിരുന്നു.