കൊച്ചി: നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജനുവരി നാല് വരെയാണ് സ്റ്റേ. ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വ്യവസായ വകുപ്പ് സെക്രട്ടറിയോട് അടിയന്തരമായി ഒരു കമ്മിറ്റി രൂപീകരിച്ച് മറ്റപ്പള്ളിയില്‍ പരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചു.
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ പാലമേല്‍ പഞ്ചായത്ത് ആണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സര്‍ക്കാര്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം മാത്രമേ ഖനനം അനുവദിക്കാനാകൂ എന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണോ മണല്‍ ഖനനം അനുവദിച്ചതെന്നതടക്കം വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലും നിയമങ്ങള്‍ പാലിക്കാതെയാണ് ഖനനം എന്ന് കണ്ടെത്തിയിരുന്നു. മണ്ണെടുപ്പ് കടുത്ത പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തിലെ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ രാപ്പകല്‍ സമരം തുടരുന്നതിനിടെ ആണ് അനുകൂല വിധി.