പ്രതികളെ കുറ്റവിമുക്തരാക്കിയ 1622 ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതി പുന: പരിശോധിക്കുന്നു

high-court

കൊച്ചി: പ്രതികളെ കുറ്റ വിമുക്തരാക്കിയ 1622 കേസുകള്‍ ഹൈക്കോടതി വീണ്ടും പരിശോധിക്കാനൊരുങ്ങുന്നു. ആറുമാസത്തിനിടെ കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയിലെ ജഡ്ജിയുടെ നടപടിയാണ് ഹൈക്കോടതി പുനഃപരിശോധിക്കുന്നത്. എല്ലാ കേസും സ്വമേധയാ പുനഃപരിശോധിക്കാന്‍ നടപടി തുടങ്ങി.

അബ്കാരി, മയക്കുമരുന്നുകടത്ത്, മോട്ടോര്‍വാഹന നിയമലംഘനം തുടങ്ങിയ കുറ്റങ്ങളുള്‍പ്പെട്ട കേസുകളാണിത്. ഇതിനകം പാതിയോളം കേസില്‍ റിവിഷന്‍ ഹര്‍ജി ഹൈക്കോടതിയില്‍ പരിഗണനക്കെത്തിയിട്ടുണ്ട്.

ക്രിമിനല്‍ നടപടിക്രമത്തില്‍ ചില കേസുകളില്‍ വിനിയോഗിക്കാവുന്ന 258-ാം വകുപ്പിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആര്‍. രാജേഷ് കേസ് നടപടി അവസാനിപ്പിച്ചത്. 2016 ജൂണ്‍ ഒന്നിനും ഡിസംബര്‍ 31-നും ഇടയ്ക്കായിരുന്നു അത്.

വ്യക്തമായ കാരണത്തിന്റെ അടിസ്ഥാനത്തില്‍ നീതിയുക്തമായേ അധികാരം വിനിയോഗിക്കാവൂ എന്ന ഹൈക്കോടതി വിധി അവഗണിച്ചാണിച്ചെന്ന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

തുടര്‍ന്ന് ഹൈക്കോടതിയിലെ വിജിലന്‍സ് രജിസ്ട്രാര്‍ നിയമം മനസ്സിലാക്കാതെയാണ് മജിസ്ട്രേറ്റ് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മജിസ്ട്രേറ്റിന്റെ പേരില്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചു. അതോടൊപ്പം സ്വമേധയാ ആ കേസെല്ലാം പുനഃപരിശോധിക്കാനും തീരുമാനിക്കുകയായിരുന്നു.

Top