കൊച്ചി: ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർഥിനികൾ സമർപ്പിച്ച ഹർജിയിൽ സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണെന്നും ഹൈക്കോടതി പറഞ്ഞു. സുരക്ഷയുടെ പേരിൽ വിദ്യാർത്ഥിനികൾ ക്യാമ്പസിനുള്ളിൽ പോലും ഇറങ്ങരുതെന്ന് ഭരണകൂടം പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. വിദ്യാർഥികളുടെ ജീവന് മെഡിക്കൽ കോളജ് ക്യാമ്പസിൽ പോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ ഉള്ളതെന്ന് കോടതി ചോദിച്ചു. പെൺകുട്ടികൾക്ക് ഹോസ്റ്റലുകളിൽ പ്രവേശനത്തിന് രാത്രി 9.30 എന്ന സമയ നിയന്ത്രണം വെച്ചതിന്റെ കാരണം വ്യക്തമാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.
ഹോസ്റ്റൽ പ്രവേശന നിയന്ത്രണം കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനികളുടെ ശക്തമായ സമരത്തിന് കാരണമായിരുന്നു. തുടർന്ന് പ്രിൻസിപ്പാളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടർന്ന് പ്രശ്നം പരിഹരിക്കാനായി വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കോളേജ് അധികൃതർ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു. സർക്കാർ നിയമം അനുസരിച്ചാണ് ഹോസ്റ്റൽ പ്രവർത്തനമെന്നും ലിംഗ വിവേചനമല്ലെന്നും വിശദീകരിച്ച് മെഡിക്കൽ കോളേജ് അധികൃതർ രംഗത്ത് വന്നിരുന്നു. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നിലവിലുള്ള നിയമം തുടരുന്നതിനാണ് താല്‍പര്യമെന്നും പ്രിൻസിപ്പാൾ അറിയിച്ചു. വിദ്യാർഥികളുടെ ആവശ്യത്തിന്മേൽ സർക്കാർ നിർദ്ദേശം അറിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്നുമാണ് പ്രിൻസിപ്പാൾ പറഞ്ഞത്. ഇതോടെയാണ് വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചത്.
മെഡിക്കൽ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിയന്ത്രണങ്ങളില്ല. പെൺകുട്ടികളുടെ ഹോസ്റ്റലിലാകട്ടെ രാത്രി ഡ്യൂട്ടിയുളളവർക്ക് സമയക്രമം പാലിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. കോഴിക്കോടിന് പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളജിലും ഹോസ്റ്റൽ വിദ്യാർത്ഥിനികൾ രാത്രി സമരം നടത്തിയിരുന്നു. പത്ത് മണിക്ക് ലേഡീസ് ഹോസ്റ്റൽ അടയ്ക്കുന്നതിനെതിരെയാണ് വിദ്യാർത്ഥിനികൾ ഹോസ്റ്റലിന് മുന്നിൽ പ്രതിഷേധവുമായി ഇറങ്ങിയത്. കർഫ്യൂ സമയം നീട്ടണം എന്നാണ് പ്രധാന ആവശ്യം. അൽപ്പസമയം വൈകി എത്തുന്നവരെ മണിക്കൂറുകളോളം പുറത്ത് നിർത്തുന്നതായി വിദ്യാർത്ഥിനികൾ ആരോപിച്ചിരുന്നു.