കേരളവര്‍മ്മ കോളേജ് തെരഞ്ഞെടുപ്പില്‍ റീകൗണ്ടിങ് നടപടിക്രമങ്ങളില്‍ അപാകതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കേരളവര്‍മ്മ കോളജിലെ യൂണിയന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ റീകൗണ്ടിങ് നടപടിക്രമങ്ങളില്‍ അപാകതയുണ്ടായെന്ന് കേരള ഹൈക്കോടതി. ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ടാബുലേഷന്‍ രേഖകള്‍ പരിശോധിച്ച കോടതി ആദ്യം വോട്ടെണ്ണിയപ്പോള്‍ കണ്ടെത്തിയ അസാധുവോട്ടുകള്‍ റീകൗണ്ടിങില്‍ പരിഗണിച്ചത് എങ്ങനെയെന്ന് ചോദിച്ചു. റീകൗണ്ടിങ് എന്നാല്‍ സാധുവായ വോട്ടുകള്‍ മാത്രമാണെന്നും നടപടിക്രമങ്ങളില്‍ അപാകതയുണ്ടായെന്നും കോടതി വിലയിരുത്തി. അസാധുവോട്ടുകള്‍ കണ്ടെത്തിയാല്‍ ഇവ മാറ്റിവച്ച് പ്രത്യേകമായി സൂക്ഷിക്കണമെന്നാണ് ചട്ടമെന്ന് പറഞ്ഞ കോടതി ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്യു സ്ഥാനാര്‍ത്ഥിക്ക് 896 വോട്ടും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിക്ക് 895 വോട്ടുമാണ് ലഭിച്ചതെന്നും പറഞ്ഞു. കേസില്‍ കോടതി ഇന്ന് വിധി പറഞ്ഞില്ല.

റീ കൗണ്ടിങ്ങ് ആവശ്യപ്പെട്ട് എസ്എഫ്‌ഐ സ്ഥാനാര്‍ഥി നല്‍കിയ അപേക്ഷയില്‍ ഒരു കാരണവും വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു. ആശയക്കുഴപ്പം ഉണ്ടെന്ന് മാത്രമാണ് പരാതിയില്‍ ഉള്ളതെന്നും കോടതി പറഞ്ഞു. കോളേജിലെ കെഎസ്യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. തെരഞ്ഞെടുപ്പിന്റെ യഥാര്‍ഥ ടാബുലേഷന്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിനെ കുറിച്ച് പരാതി ഉണ്ടെങ്കില്‍ കോടതിയെ അല്ല, വൈസ് ചാന്‍സിലറെയാണ് സമീപിക്കേണ്ടതെന്ന് സര്‍വകലാശാല നിലപാടെടുത്തു. അസാധു വോട്ടുകള്‍ റീ കൗണ്ടിങില്‍ സാധുവായി പരിഗണിച്ചാണ് എസ്എഫ്‌ഐ ജയിച്ചതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഇത് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും, അതിനാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ആവശ്യം.

Top