സ്വത്ത് കണ്ട് കെട്ടപ്പെട്ടവര്‍ക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് ഹൈക്കോടതി

എറണാകുളം: മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്ന് ജപ്തി ചെയ്ത വസ്തു വകകളുടെ വിശദാംശം അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി. സ്വത്ത് കണ്ട് കെട്ടിയവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്നും കോടതി സർക്കാറിന് നിർദ്ദേശം നൽകി. ഹർത്താലിലെ നഷ്ടം ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി നിർദ്ദേശം. 248 പേരുടെ ജപ്തി നടപടി വിശദാംശങ്ങൾ സർക്കാർ കോടതിയിൽ കൈമാറിയിരുന്നു. എന്നാൽ മലപ്പുറത്ത് ലീഗ് പ്രവർത്തകന്റെ വീടും പാലക്കാട് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകന്റെ വീടും ജപ്തി നടപടികളിൽ ഉൾപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി കൃത്യമായ വിവരങ്ങൾ അറിയിക്കാൻ നിർദ്ദേശം നൽകിയത്. കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് ജപ്തിക്കിരയായ മലപ്പുറത്തെ ലീഗ് പ്രവർത്തകൻ യൂസഫ് ഹൈക്കോടതിയെ സമീപിച്ചു. തനിക്ക് പിഎഫ്ഐയുമായി ബന്ധമില്ലെന്നും ഇതിന്റെ ആശയങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന വ്യക്തിയാണ് താനെന്നും ഹർജിയിൽ പറയുന്നു. ഹ‍ജികൾ ഫെബ്രുവരി 2 ന് കോടതി വീണ്ടും പരിഗണിക്കും.

പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ മറവിൽ മുസ്ലിം ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന ആരോപണവുമായി ലീഗ് രംഗത്തെത്തി. മലപ്പുറത്തു മുസ്ലിം ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്ത്‌ ജപ്തി ചെയ്തത് സർക്കാരും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ലീഗ് നേതാക്കൾ ആരോപിച്ചു. മലപ്പുറത്ത്‌ പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത നാല് പേരുടെ വസ്തു വകകളിലാണ് പേരിലെയും ഇനീഷ്യലിലെയും സാമ്യത കാരണം ജപ്തി നോട്ടീസ് പതിപ്പിച്ചത്. തെറ്റായ ജപ്തി സർക്കാരിന്റെ ബോധപൂർവമായ നടപടി ആണെന്നാണ് ലീഗ് ആരോപണം. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് സ്വത്ത് കണ്ടെത്തൽ നടപടികളിൽ കേരള പോലീസ് സ്വീകരിച്ചതെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എടരിക്കോടിന് പുറമെ അങ്ങാടിപ്പുറത്തും രണ്ടു വീടുകളിൽ പേരിലെയും സർവേ നമ്പറിലെയും സാമ്യത കാരണം ജപ്തി നോട്ടീസ് പതിപ്പിച്ചിരുന്നു.

Top