കൊച്ചി: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാര്‍ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ ഉള്‍പ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നോട്ടീസ് അയച്ച കോടതി, കേസ് ഡിസംബര്‍ ഏഴിന് പരിഗണിക്കും.
തദ്ദേശ സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും നവകേരള സദസിനായി പിഴിയാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ ക്വാട്ട നിശ്ചയിച്ചായിരുന്നു അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഗ്രാമപഞ്ചായത്തുകള്‍ അന്‍പതിനായിരവും മുന്‍സിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും കൊടുക്കണം എന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. കോര്‍പ്പറേഷന്റെ ക്വാട്ട രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് നല്‍കേണ്ടത് 3 ലക്ഷം രൂപയുമായിരുന്നു. സംഘാടക സമിതി ആവശ്യപ്പെടുന്ന പ്രകാരം പണം നല്‍കാനായിരുന്നു ഉത്തരവ്. സാമ്പത്തിക പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളെ കൂടുതല്‍ കടക്കെണിയിലാക്കുന്നതായിരുന്നു സര്‍ക്കാര്‍ തീരുമാനം.