ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് പെന്‍ഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചന്‍ ആത്മഹത്യ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസില്‍ തുടര്‍ നടപടികള്‍ക്കായി ചീഫ്ജസ്റ്റിസിന്റെ അനുമതി തേടി. കേന്ദ്രസര്‍ക്കാര്‍, സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടര്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസില്‍ എതിര്‍കക്ഷികളാക്കും. അതേസമയം, ജജോസഫിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.

കലക്ട്രേറ്റിന് മുന്നില്‍ ജോസഫിന്റെ മൃതദേഹം വെച്ച് യുഡിഎഫ് പ്രതിഷേധിച്ചു. ജോസഫിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം, വീട് വെച്ച് നല്‍കണമെന്നും മകള്‍ക്ക് ജോലി നല്‍കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എംകെ രാഘവന്‍ എം.പി, ലീഗ് ജില്ല പ്രസി. എം. എ റസാഖ് മാസ്റ്റര്‍, ഡി.സി.സി പ്രസി. പ്രവീണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. ജോസഫിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. അതിനിടെ, ജോസഫിന്റെ മൃതദേഹം മുതുകാട്ടിലെ വീട്ടില്‍ എത്തിച്ചു. സംസ്‌കാരം വൈകിട്ട് 4.30ന് മുതുകാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍ നടക്കും.

കോഴിക്കോട് ചക്കിട്ടപാറ മുതുകാട്ടില്‍ ഇന്നലെയാണ് ഭിന്നശേഷിക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വികലാംഗ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചന്‍ നേരത്തെ പഞ്ചായത്ത് ഓഫീസില്‍ കത്തു നല്‍കിയിരുന്നു. കിടപ്പു രോഗിയായ മകള്‍ക്കും ജോസഫിനും കഴിഞ്ഞ അഞ്ചു മാസമായി പെന്‍ഷന്‍ മുടങ്ങിയിരുന്നു.

Top