താനൂർ ബോട്ട് ദുരന്തം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: താനൂർ ബോട്ട് ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. പോർട്ട് ഓഫീസറോട് കോടതി റിപ്പോർട്ട് തേടി. അപകടം ഞെട്ടിക്കുന്നതെന്നും അപകടകാരണം കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

താനൂർ ബോട്ട് ദുരന്തത്തിൽ ഹൈക്കോടതിയുടെ അവധിക്കാല ഡിവിഷൻ ബഞ്ചാണ് സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ബന്ധപ്പെട്ട പോർട്ട് ഓഫീസറോട് റിപ്പോർട്ട് തേടി. മാരിടൈം ബോർഡിന്റെ കീഴിലുള്ള പോർട്ട് ഓഫീസറാണ് വിശദീകരണം നൽകേണ്ടത്. നിലവിൽ മാരിടൈം ബോർഡിന്റെ അഴീക്കൽ പോർട്ട് ഓഫീസർ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണ റിപ്പോർട്ട് ആയിരിക്കും മാരിടൈം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിക്കുക.

ആവർത്തിച്ച്, ആവർത്തിച്ച് ഇത്തരത്തിലുള്ള ദുരന്തങ്ങളുണ്ടാകുന്നു. അത് തടയുന്നതിനുള്ള യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ല. ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ല. തുടങ്ങിയ വിമർശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഇന്നുണ്ടായത്‌. ഈ ദുരന്തത്തിന്റെ കാര്യകാരണങ്ങളിലേക്ക് കടന്ന്, ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികളിലേക്ക് പോകുക എന്നതാണ് കോടതി ഉദ്ദേശിക്കുന്നത്.

Top