സിഎംആര്‍എല്‍ – എക്സാലോജിക് കരാറില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് കരാറില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സിഎംആര്‍എല്‍ ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വീജയന്‍, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം തേടിയേക്കും. കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കാന്‍ നേരത്തെ തീരുമാനിച്ചത്.

സിഎംആര്‍എല്‍ -എക്‌സാലോജിക് കരാറില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജിയില്‍ എതിര്‍കക്ഷികളുടെ വാദം കേള്‍ക്കാന്‍ ഹൈക്കോടതി നേരത്തെ തീരുമാനിച്ചിരുന്നു. കേസിലെ എതിര്‍കക്ഷികളെ കേസില്‍ കോടതി സ്വമേധയാ കക്ഷി ചേര്‍ക്കുകയായിരുന്നു. എതിര്‍കക്ഷികളുടെ വാദം കേള്‍ക്കാതെ കേസില്‍ തീരുമാനം എടുക്കാനാവില്ലെന്നായിരുന്നു കേടതി നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, പ്രതിപക്ഷ എംഎല്‍എമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരടക്കം കേസില്‍ കക്ഷി ചേര്‍ത്ത 12 പന്ത്രണ്ട് പേര്‍ക്കും നോട്ടീസ് അയക്കാന്‍ നേരത്തെ ഹൈക്കോടതി തീരുമാനിച്ചിരുന്നു. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.

സിഎംആര്‍എലും എക്സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാട് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നായിരുന്നു ഹര്‍ജിയിലെ ആക്ഷേപം. എതിര്‍കക്ഷികള്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. തുടര്‍ന്നാണ് റിവിഷന്‍ ഹര്‍ജിയുമായി ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്‍ അന്തരിച്ചെങ്കിലും ഹര്‍ജി നിലനില്‍ക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. തുടര്‍ന്നാണ് അമികസ് ക്യൂറിയെ നിയോഗിച്ചതും എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചതും.

Top