സംപ്രേഷണം തടഞ്ഞ നടപടി ശരിവെച്ച ഉത്തരവിനെതിരെ മീഡിയവണ്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

 

കൊച്ചി: സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ശരിവെച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ മീഡിയവണ്‍ ചാനല്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ആണ് അപ്പീല്‍ ഹര്‍ജികള്‍ പരിഗണിക്കുക. മാധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡ്, പത്രപ്രവര്‍ത്തക യൂണിയന്‍, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ എന്നിവരാണ് അപ്പീല്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തന്നെ സംശയാസ്പദമാണെന്നും, ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചാനലിനെ കേള്‍ക്കാതെ ലൈസന്‍സ് റദ്ദാക്കിയ നടപടി ഭരണഘടനാവിരുദ്ധമാണെന്നും അപ്പീല്‍ ഹര്‍ജിയില്‍ പറയുന്നു.

ഒരു വാര്‍ത്താചാനലിന് അപ്‌ലിങ്കിംഗിന് അനുമതി നല്‍കാനുള്ള പോളിസി പ്രകാരം ലൈസന്‍സ് പുതുക്കുമ്പോള്‍ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ലെന്ന വാദം സിംഗിള്‍ ബഞ്ച് പരിഗണിച്ചില്ല എന്ന് അപ്പീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വാര്‍ത്താചാനലാകുമ്പോള്‍ ഭരണകൂടത്തെ തൃപ്തിപ്പെടുത്തി എന്നും വാര്‍ത്തകള്‍ നല്‍കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പുരാണവാക്യങ്ങള്‍ ഉള്‍പ്പെടുത്തിയല്ല ഭരണഘടനാ തത്വങ്ങള്‍ അനുസരിച്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നതെന്നും അപ്പീലില്‍ ഹര്‍ജിക്കാര്‍ പറയുന്നു.

നേരത്തെ, കേന്ദ്രസര്‍ക്കാര്‍ ഹാജരാക്കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളിലെ പരാമര്‍ശങ്ങള്‍ ഗൗരവതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ സിംഗിള്‍ ബഞ്ച് മീഡിയ വണ്‍ ചാനലിന്റെ ഹര്‍ജി തള്ളിയത്. അപ്പീല്‍ നല്‍കുന്നതിനായി സംപ്രേഷണവിലക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി നിരസിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ആവശ്യം നിരസിച്ചത്. ജീവനക്കാരുടെ ദുഃഖം മനസിലാക്കുമ്പോഴും ദേശസുരക്ഷ പ്രധാനപ്പെട്ടതാണെന്നും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.

 

Top