ന്യൂഡല്‍ഹി: ഭീമ കൊരെഗാവ് കലാപവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മനുഷ്യവകാശ പ്രവര്‍ത്തകര്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം.യു.പി.എ സര്‍ക്കാറാണ് 2012 ഡിസംബറില്‍ ചില സംഘടനകള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതും ഈ സംഘടകനകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തതെന്നും ആഭ്യന്ത്രമന്ത്രാലയം വ്യക്തമാക്കുന്നു.
പൊലിസ് അറസ്റ്റ് ചെയ്ത പ്രവര്‍ത്തകര്‍ക്ക് ഈ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇവര്‍ സര്‍ക്കാര്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമാണ് ആഭ്യന്ത്രരമന്ത്രാലയം ആരോപിക്കുന്നത്.
അതേസമയം ഭീമ കൊരെഗാവ് കലാപവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മനുഷ്യവകാശ പ്രവര്‍ത്തകരെ വീട്ടുതടങ്കലിലാക്കാന്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇവരെ ജയിലിലടക്കരുതെന്നും സുപ്രീംകോടതി പ്രത്യേകം നിര്‍ദേശിച്ചിരുന്നു.
അറസ്റ്റിലായ 2 പേര്‍ക്ക് വീട്ടുതടങ്കല്‍ അനുവദിക്കാമെങ്കില്‍ മറ്റുള്ളവര്‍ക്കും അതേ വ്യവസ്ഥ തന്നെ ബാധകമാക്കുന്നതാണ് നല്ലതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മനുഷ്യാവകാശ പ്രവര്‍ത്തകരായ തെലുങ്കു കവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം തെറ്റായ പ്രസ്ഥാവനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് തനിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ വരവര റാവു പറഞ്ഞിരുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. ഇത്തരം നീക്കങ്ങള്‍ അത്യന്തം ആപത്കരമാണെന്നും അടിയന്തരാവസ്ഥയ്ക്കു സമാനമായ അവസ്ഥയാണെന്നും ആരോപിച്ച് ഒട്ടേറെ പ്രമുഖര്‍ രംഗത്തെത്തി. ഭൂരിപക്ഷ ഹൈന്ദവ വാദത്തിനെതിരെ സംസാരിക്കുന്നവരെ കുറ്റവാളികളായി മുദ്രകുത്തുന്ന രീതിയാണ് നടന്നു വരുന്നതെന്ന് എഴുത്തുകാരി അരുന്ധതി റോയ് കുറ്റപ്പെടുത്തി. ജനാധിപത്യാവകാശങ്ങളിന്മേലുള്ള മോദി സര്‍ക്കാരിന്റെ കടന്നു കയറ്റമാണിതെന്ന് ആരോപണമുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.
രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സി.ആര്‍.പി.പിയുടെ പ്രവര്‍ത്തകന്‍ മലയാളിയായ റോണ വില്‍സണ്‍, ദളിത് മാസികയുടെ പത്രാധിപരായ സുധിര്‍ ധാവ് ലെ, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീപ്പിള്‍സ് ലോയേസിന്റെ സുരേന്ദ്ര ഗാഡ് ലിങ്, നാഗ്പൂര്‍ സര്‍വകലാശാല പ്രഫ. ഷോമ സെന്‍, മഹേഷ് റാവുത് എന്നിവരെയാണ് പൂണെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.