ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് 2023 മുതൽ ഇന്ത്യയിൽ പരീക്ഷണ അടിസ്ഥാനത്തിൽ എത്തും

പുതിയ 2023 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് അടുത്തിടെ ഇന്ത്യയില്‍ പരീക്ഷണത്തിനിടെ കണ്ടെത്തി. പൂനെയിൽ ആണ് വാഹനത്തിന്‍റെ പരീക്ഷണയോട്ടം നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

നിലവിലുള്ള 1.5 ലിറ്റർ പെട്രോൾ, ഹൈബ്രിഡ് പവർട്രെയിനുകളിൽ ഇത് തുടരും. ഹോണ്ട ആഗോളതലത്തിൽ ടർബോ-ചാർജ്ഡ് പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു, എന്നാൽ ഈ എഞ്ചിൻ ഇന്ത്യയിലേക്ക് വരാൻ സാധ്യതയില്ല.

അഞ്ചാം തലമുറ ഹോണ്ട സിറ്റിക്ക് മുന്നിലും പിന്നിലും പൂർണ്ണമായ മേക്ക് ഓവർ ലഭിക്കുന്നു. പുതിയ ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ബമ്പറുകൾ, മെഷീൻ ചെയ്ത അലോയ് വീലുകൾ, പിന്നിലെ സ്‌പോയിലർ, പുതിയ എൽഇഡി ലൈറ്റുകൾ എന്നിവ ചിത്രങ്ങൾ കാണിക്കുന്നു.

നിലവിലുള്ള ഹോണ്ട സിറ്റിയിലെ ഫീച്ചറുകൾ കൂടാതെ, 360-ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയ ഫീച്ചറുകൾ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിന് ലഭിച്ചേക്കാം. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഡിമ്മിംഗ് റിയർവ്യൂ മിറർ തുടങ്ങിയ മറ്റ് ഫീച്ചറുകളും വാഹനത്തിൽ നൽകാൻ സാധ്യതയുണ്ട്.

അഡാസ് ഈ സെഗ്‌മെന്റിൽ ഒരു ജനപ്രിയ ഫീച്ചറായി മാറുകയാണ്. ഇത് സ്റ്റാൻഡേർഡ് സിറ്റിയിൽ അവതരിപ്പിക്കുകയാണെങ്കിൽ വാഹനത്തിന്‍റെ മൂല്യം വർദ്ധിപ്പിക്കും. ഇതുകൂടാതെ, മുഖം മിനുക്കിയ ഹോണ്ട സിറ്റിക്ക് ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എബിഎസ്, ഇഎസ്‌സി, ടിപിഎംഎസ്, പാർക്കിംഗ് സെൻസറുകളോട് കൂടിയ റിവേഴ്‍സ് ക്യാമറ എന്നിവ ലഭിച്ചേക്കും. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‍ത 2023 ഹോണ്ട സിറ്റിയ്‌ക്കൊപ്പം നിലവിലുള്ള ഹൈബ്രിഡ് മോഡലിന്റെ വിൽപ്പനയും കമ്പനി തുടരും.

അതേസമയം ഹോണ്ട അടുത്തിടെ പുതിയ WR-V കോംപാക്റ്റ് എസ്‌യുവി ഇന്തോനേഷ്യയിൽ അവതരിപ്പിച്ചു . പുതിയ ജാസ്/സിറ്റി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ മോഡൽ. ഇത് ആദ്യം ഇന്തോനേഷ്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ WR-Vക്ക് നീളവും വീതിയും ഉയരവും കൂടുതലുണ്ട്. യഥാർത്ഥത്തിൽ, ഇന്ത്യൻ വിപണിയിൽ പുതിയ WR-V-യെ കുറിച്ച് പഠിക്കുകയാണ് ഹോണ്ട. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, വിഡബ്ല്യു ടൈഗൺ, സ്‌കോഡ കുഷാക്ക് എന്നിവയ്‌ക്ക് എതിരാളിയായി ഹോണ്ട ഒരു പുതിയ കോംപാക്റ്റ് എസ്‌യുവിയും ഇന്ത്യൻ വിപണിയിൽ വികസിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

Top