ന്യൂഡല്‍ഹി: ടെലികോം കമ്പനികളായ വോഡഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലാറും തമ്മിലുള്ള ലയനം 2018 മാര്‍ച്ചോടു കൂടി പൂര്‍ത്തിയാകുമെന്ന് സൂചന.
ലയനം പൂര്‍ത്തിയാകുന്നതിന് രണ്ടിടങ്ങളില്‍ നിന്നുള്ള അനുവാദം മാത്രമാണ് ഇനി ലഭിക്കാനുള്ളതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പു തന്നെ കാര്യങ്ങള്‍ ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്.
നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന് മുന്നിലാണ് ഇരുകമ്പനികളും അനുവാദത്തിനായി ഇപ്പോള്‍ കാത്തു നില്‍ക്കുന്നത്.
അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ടെലികോം വകുപ്പിന്റെ അന്തിമ അനുമതി കൂടി ആവശ്യമാണ്.
ഇതിനിടെ, ലയനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം തേടാന്‍ ഐഡിയ സെല്ലുലാര്‍ ഒക്ടോബര്‍ 12ന് യോഗം വിളിച്ചിട്ടുണ്ട്.
ഈ വര്‍ഷം ആദ്യമാണ് വോഡഫോണിന്റെ ഇന്ത്യന്‍ സംരംഭവും ഐഡിയ സെല്ലുലാറും ലയനം പ്രഖ്യാപിച്ചത്.
ലയനശേഷമുണ്ടാകുന്ന കമ്പനിയില്‍ ബ്രിട്ടീഷ് കമ്പനിയായ വോഡഫോണിന് 45.1 ശതമാനം ഓഹരിയുണ്ടാകും.
3,874 കോടി രൂപ നല്‍കി 4.9 ശതമാനം ഓഹരികള്‍ ഐഡിയയുടെ ഉടമകളായ ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്വന്തമാക്കും.
ഇതോടെ അവരുടെ പങ്കാളിത്തം 26 ശതമാനമാകും.
ശേഷിച്ച 28.9 ശതമാനം ഓഹരികള്‍ മറ്റ് ഓഹരിയുടമകളുടെ കൈവശമായിരിക്കും.