അല്‍ഫോണ്‍സയെ കൈയേറ്റം ചെയ്ത സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: വഴിയോര കച്ചവടം നടത്തിയിരുന്ന മത്സ്യതൊഴിലാളിയുടെ മത്സ്യം നശിപ്പിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. പിടിച്ചെടുത്ത മത്സ്യം ലേലം ചെയ്യുന്നതിന് പകരം നശിപ്പിച്ചത് ചട്ടവിരുദ്ധമാണ്. വഴിയോര കച്ചവട സംരക്ഷണ നിയമം അനുസരിച്ച് വിഷയം പരിശോധിക്കും. മത്സ്യ തൊഴിലാളി അല്‍ഫോണ്‍സയുടെ വീട് നാളെ മന്ത്രി സന്ദര്‍ശിക്കും.

ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയില്‍ വഴിയരികില്‍ മത്സ്യക്കച്ചവടം നടത്തിയിരുന്ന അല്‍ഫോണ്‍സയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച നടപടി വഴിയോര കച്ചവട ഉപജീവന സംരക്ഷണനിയമം നിയന്ത്രണ നിയമത്തില്‍ അടിസ്ഥാനത്തിലാണോയെന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന വഴിയോര കച്ചവട ഉപജീവന സംരക്ഷണ ചട്ടമനുസരിച്ച് മുന്‍സിപ്പാലിറ്റി തൊഴിലാളികളുടെ സര്‍വ്വേ നടത്തി തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും നല്‍കണം. നഗരത്തില്‍ കച്ചവടം ചെയ്യാന്‍ കഴിയുന്ന മേഖലകളും, അനുവദിക്കാന്‍ കഴിയാത്ത മേഖലകളും വേര്‍തിരിച്ച് വിജ്ഞാപനം ചെയ്യണം. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നിയമപ്രകാരമുള്ള നോട്ടീസ് നല്‍കിയാണോ ഒഴിപ്പിക്കല്‍ നടത്തിയതെന്ന് സര്‍ക്കാര്‍ പരിശോധിക്കും.

 

 

Top