അധ്യാപകനെ അപമാനിച്ച സംഭവം; ഫാസിലിനെതിരെ കെഎസ്‌യു നടപടിയെടുക്കണമെന്ന് പി എം ആർഷോ

കൊച്ചി: മഹാരാജാസ് കോളജിൽ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ദൃശ്യങ്ങൾ സങ്കടകരവും പ്രതിഷേധാർഹവുമാണ്. അധ്യാപകനെ ക്ലാസിനിടയ്ക്ക് അപമാനിച്ചു എന്ന് മാത്രമല്ല, അത് റീൽ ആക്കി നവമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നു ഒരു കൂട്ടം വിദ്യാർത്ഥികൾ എന്ന് ആർഷോ ഫേസ്ബുക്കിൽ കുറിച്ചു. ഫാസിലിനെതിരെ കെഎസ്‌യു സംസ്ഥാന നേതൃത്വം നടപടിയെടുക്കണമെന്നും ആർഷോ ആവശ്യപ്പെട്ടു.

പിഎം അർഷോ ഫേസ്ബുക്കിൽ കുറിച്ചത്

സാമൂഹികമായ എന്തെല്ലാം പ്രതിസന്ധികളെ അതിജീവിച്ചാവും ആ മനുഷ്യൻ മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി എത്തിയിട്ടുണ്ടാവുക!!!

എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ അക്ഷരാർത്ഥത്തിൽ അങ്ങേയറ്റം സങ്കടകരവും പ്രതിഷേധാർഹവുമാണ്. കാഴ്ച്ച പരിമിതിയുള്ള അധ്യാപകൻ ക്ലാസെടുത്ത് കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തെ പരിഹസിക്കുന്ന ദൃശ്യങ്ങൾ കണ്ട് മനസ്സുലഞ്ഞ് നിൽക്കുകയാണ്. അധ്യാപകനെ ക്ലാസിനിടയ്ക്ക് അപമാനിച്ചു എന്ന് മാത്രമല്ല, അത് റീൽ ആക്കി നവമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നു ഒരു കൂട്ടം വിദ്യാർത്ഥികൾ.

എന്തെല്ലാം പ്രതിസന്ധികൾ അതിജീവിച്ചായിരിക്കണം ആ മനുഷ്യൻ മഹാരാജാസിലെ അധ്യാപകനായി തീർന്നത്. ഇൻക്ലൂസീവ് എജ്യുക്കേഷനെ കുറിച്ച് ചർച്ച നടക്കുന്ന ഈ കാലത്ത് ‘ രാഷ്ട്രീയം ‘ ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്ന് ഇത്തരമൊരു സമീപനം നാം പ്രതീക്ഷിക്കുന്നില്ല.

ചരിത്രപരമായി അവഗണിക്കപ്പെട്ട, അരികുവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരധ്യാപകനെ അവഹേളിക്കാൻ KSU യൂണിറ്റ് വൈസ് പ്രസിഡൻ്റ് തന്നെ നേതൃത്വം നൽകിയിരിക്കുന്നു എന്നതാണ് ഏറെ ഞെട്ടലുളവാക്കുന്ന കാര്യം. അധ്യാപകനെ അവഹേളിച്ച വിദ്യാർത്ഥികൾക്കെതിരെ കോളേജ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാരാജാസിലെ വിദ്യാർത്ഥി സംഘടനകൾക്കാകെ അപമാനം വരുത്തിവെച്ച KSU നേതാവ് ഫാസിലിനെതിരെ KSU സംസ്ഥാന നേതൃത്വം നടപടിയെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.

സാർവദേശീയവും, ദേശീയവും, പ്രാദേശികവുമായ ജീവൽപ്രശ്നങ്ങളെക്കുറിച്ച്, അരികുവത്കരിക്കപ്പെട്ട ജനതയെക്കുറിച്ച്, ജീവിതം തന്നെ പോരാട്ടമാക്കിയ മനുഷ്യരെക്കുറിച്ച് അങ്ങനെ എന്തെല്ലാം ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ ദൈനംദിനം നടക്കുന്ന ക്യാമ്പസാണ് മഹാരാജാസ്! ആ ക്യാമ്പസിലെ രാഷ്ട്രീയ വിദ്യാർത്ഥികളിൽ ചിലർ അരാഷ്ട്രീയവത്കരിക്കപ്പെട്ടത് അങ്ങേയറ്റം ഗൗരവത്തോടെയാണ് എസ്എഫ്ഐ നോക്കിക്കാണുന്നത്. മഹാരാജാസിലെ ഒരു വിദ്യാർത്ഥിയെന്ന നിലയ്ക്ക് ആ അധ്യാപകനോടും കേരള സമൂഹത്തോടും ക്ഷമ ചോദിക്കുന്നു.

Top