നിതാഷ കൗളിനെ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞ് തിരിച്ചയച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം

ബെംഗളൂരു : യുകെ സ്വദേശിനിയായ പ്രൊഫസര്‍ നിതാഷ കൗളിനെ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞ് തിരിച്ചയച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംവാദ വേദിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രൊഫ. നിതാഷ കൗള്‍. ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പ്രൊഫ. കൗളിനെ കസ്റ്റഡിയിലെടുത്ത് ഇമിഗ്രേഷന്‍ അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു.

ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് തന്നെ തടഞ്ഞതെന്നാണ് നിതാഷ കൗളിന്റെ ആരോപണം. കൃത്യമായ കാരണം കാണിക്കാതെ 24 മണിക്കൂറാണ് റിട്ടേണ്‍ ഫ്‌ലൈറ്റിന് മുന്നെ തന്നെ ഒരു മുറിയില്‍ അടച്ചിട്ടത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന് പേനയെ ഭയമാണോ എന്നും പ്രൊഫ. നിതാഷ കൗള്‍ ചോദിക്കുന്നു.

യുകെയിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ പ്രൊഫസറാണ് നിതാഷ കൗള്‍. കര്‍ണാടക സര്‍ക്കാരിന്റെ ക്ഷണമുണ്ടായിട്ടും, എല്ലാ രേഖകളും കൃത്യമായിരുന്നിട്ടും തന്നെ തിരിച്ചയച്ചെന്നാണ് നിതാഷ കൗള്‍ പറയുന്നത്. ദില്ലിയില്‍ നിന്നുള്ള നിര്‍ദേശമാണ്, ഒന്നും ചെയ്യാനില്ലെന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞെന്നും നിതാഷ കൗള്‍ അറിയിച്ചു.

Top