തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം; ജില്ലാ ശിശു ക്ഷേമസമിതി തെളിവെടുപ്പ് നടത്തി

പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തില്‍ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ് പരിക്കേറ്റ സംഭവത്തില്‍ ജില്ലാ ശിശു ക്ഷേമസമിതി തെളിവെടുപ്പ് നടത്തി. ചെയര്‍മാന്‍ എന്‍ രാജീവ്, അംഗങ്ങളായ സുനില്‍ പേരൂര്‍, എസ് കാര്‍ത്തിക, പ്രസീദ നായര്‍, ഷാന്‍ രമേശ് ഗോപന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രത്തിലും കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലും തെളിവെടുപ്പ് നടന്നത്. ഡോക്ടറെയും കുട്ടിയുടെ രക്ഷിതാക്കളെയും കണ്ട ശേഷം ക്ഷേത്ര ഭാരവാഹികളില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ശിശു ക്ഷേമസമിതി റിപ്പോര്‍ട്ട് ബാലാവകാശ കമ്മിഷന് സമര്‍പ്പിക്കും.

മാതാപിതാക്കള്‍ വഴിപാടായാണ് തൂക്കം നടത്തിയത്. കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഗരുഡന്‍ തൂക്കം വഴിപാടിനിടെ പത്ത് മാസം പ്രായമുള്ള കുഞ്ഞാണ് താഴെ വീണത്.

Top